മുഖ്യമന്ത്രിക്കെതിരേ വീണ്ടും അന്‍വര്‍
Friday, October 4, 2024 5:18 AM IST
നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനം ഒഴിയണമെന്നു പി.വി. അന്‍വര്‍ എംഎല്‍എ. ഇതിനു പ്രയാസമാണെങ്കില്‍ വീണയ്ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിക്കണമെന്നും അന്‍വര്‍ പരിഹസിച്ചു.
ബിഹാറില്‍ ലാലു പ്രസാദ് യാദവ് സന്നിഗ്ധഘട്ടത്തില്‍, എഴുത്തും വായനയും അറിയാത്ത ഭാര്യയെയാണ് മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിച്ചത്. വീണയ്ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസമൊക്കെയുണ്ട്. അവരെ ഏല്‍പ്പിക്കട്ടെ. ബാക്കിയെല്ലാം പാര്‍ട്ടി ഏറ്റെടുത്തോളും. പാര്‍ട്ടിക്ക് വീണയെ ജയിപ്പിക്കാന്‍ കഴിയുമല്ലോ. എങ്ങനെയെങ്കിലും കേരളത്തെ രക്ഷപ്പെടുത്തി തന്നാല്‍ മതി. അതിനുള്ള മഹാമനസ്കതയെങ്കിലും മുഖ്യമന്ത്രി കാണിക്കട്ടെ. തനിക്കുശേഷം പ്രളയമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അന്‍വര്‍ പറഞ്ഞു.
മലപ്പുറത്തെ അപരവത്കരിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി മാപ്പു പറയണം. "ദ ഹിന്ദു' പത്രത്തിനു സ്റ്റേറ്റ്മെന്റ് കൊടുക്കുന്നതിനുമുമ്പേ മുഖ്യമന്ത്രി കേരള സമൂഹത്തോടു പറഞ്ഞതാണ് മലപ്പുറത്തെക്കുറിച്ച്. അത് അദ്ദേഹത്തിന്റെ നിലപാടാണ്. ചര്‍ച്ചയായപ്പോള്‍ നാടകമാക്കി മാറ്റുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇത്രയും വലിയ പ്രതിസന്ധി വിഷയത്തില്‍ ഉണ്ടായിട്ട് പിആര്‍ ഏജന്‍സിക്കെതിരേയോ ഹിന്ദു പത്രത്തിനെതിരേയോ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണ്? വാര്‍ത്ത വന്ന് പിറ്റേദിവസം ഉച്ചയോടെയാണ് മുഖ്യമന്ത്രി അറിയുന്നത് എന്നതൊക്കെ നാടകമല്ലാതെ മറ്റെന്താണ്.? രക്ഷപ്പെടാനാണ് മുഖ്യമന്ത്രി മറുപടി ചിരിയിലൊതുക്കുന്നത്.
അന്‍വര്‍ പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം മൂലം നിയമതടസം ഉണ്ടായാല്‍ വേണ്ടിവന്നാല്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കുമെന്നും അന്‍വര്‍ പറഞ്ഞു.