അങ്കിത് അശോകിന് എതിരേ നടപടി
Friday, October 4, 2024 5:18 AM IST
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെതിരേ നടപടി ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ വിശദീകരണം നല്കാന് മൂന്നാഴ്ചകൂടി അനുവദിച്ച് ഹൈക്കോടതി.
ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ വീണ്ടും സമയം തേടിയതിനെത്തുടര്‍ന്നായിരുന്നു ജസ്റ്റീസുമാരായ അനില്‍ കെ.നരേന്ദ്രന്, പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് കൂടുതല്‍ സമയം അനുവദിച്ചത്. വിഷയത്തില്‍ സത്യവാങ്മൂലം നല്കാന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്കും സമയം അനുവദിച്ചു.
പൂരം അലങ്കോലമാക്കിയതില്‍ എഡിജിപി സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നതുള്പ്പെടെ ആവശ്യപ്പെട്ടു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്, തൃശൂര്‍ സ്വദേശി പി. സുധാകരന് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.