ആദ്യദിനം തൃശൂർ, ഇടുക്കി ജില്ലകളുടെ മുന്നേറ്റം
Friday, October 4, 2024 5:18 AM IST
കണ്ണൂർ: ഇരുപത്തിയഞ്ചാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ ആവേശ്വോജ്വല തുടക്കം. മത്സരം ആദ്യദിനം പിന്നിട്ടതോടെ 74 പോയിന്റുകൾ വീതം നേടി തൃശൂരും ഇടുക്കിയും ഒന്നാംസ്ഥാനത്തുണ്ട്.
72 പോയിന്റോടെ കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകൾ രണ്ടാംസ്ഥാനത്താണ്. തൊട്ടടുത്ത് 71 പോയിന്റുമായി കോട്ടയവുമുണ്ട്. 68 പോയിന്റുമായി മലപ്പുറവും 67 പോയിന്റുമായി തലസ്ഥാനമായ തിരുവനന്തപുരവും ഈ ജില്ലകൾക്ക് പിറകിലായുണ്ട്.
ഇന്നലെ രാവിലെ കെ.വി. സുമേഷ് എംഎൽഎ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, ആർ.സിന്ധു, സി.എ. സന്തോഷ്, ഉദയകുമാരി, പി.പ്രേമരാജൻ, കെ.ജ്യോതി എന്നിവർ പ്രസംഗിച്ചു. സമഗ്ര ശിക്ഷ കേരള ബിആർ സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ സ്വാഗത നൃത്തവും സ്വാഗത ഗാനവും നടത്തി.
മനസും വയറും നിറച്ച് ഉച്ചയൂണ്
കണ്ണൂര്‍: പച്ചടി, കിച്ചടി, സാമ്പാര്‍,പുളിശേരി, അവിയല്‍, തോരന്‍, അച്ചാര്‍, കൂടെ പാലട പായസവും. കലോത്സവ നഗരിയിലെത്തിയവരുടെ വയറും മനസും നിറച്ച് പഴയിടം മോഹന്‍ നമ്പൂതിരിയുടെ ഉച്ചയൂണ്. എല്ലാം ഒന്നിനൊന്ന് മികച്ചതെന്ന് എല്ലാവരുടെയും അഭിപ്രായം.
രണ്ടായിരം പേര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ തയാറാക്കുന്നത്. ഇടിയപ്പവും വെജിറ്റബിള്‍ സ്റ്റൂവുമായിരുന്നു പ്രഭാത ഭക്ഷണം.
വൈകുന്നേരം ഉഴുന്ന് വടയും ചായയും. പുട്ടും കടലയുമാണ് ഇന്നത്തെ പ്രഭാത ഭക്ഷണത്തിനായി ഒരുക്കുക. ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം.