ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിറം പകര്‍ന്ന വൈദികന്
ബെന്നി ചിറയില്‍
Friday, October 4, 2024 5:18 AM IST
ചങ്ങനാശേരി: ആത്മീയരംഗത്തെന്നതുപോലെ ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ജനകീയമാക്കിയ ഫാ. ഗ്രിഗറി ഓണംകുളം ഇനി ഓർമയിൽ. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് 64കാരനായ അദ്ദേഹം അന്തരിച്ചത്.
പുത്തന്‍ കാഴ്ചപ്പാടുകളിലൂടെ ജീവകാരുണ്യരംഗത്ത് അദ്ദേഹം നടപ്പാക്കിയ നൂതനമായ പദ്ധതികള്‍ നിര്‍ധനരായ ഒട്ടേറെയാളുകളുടെ കണ്ണീരൊപ്പുന്നതിനു സഹായകമായി. 14വര്‍ഷം ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ചാസ്) യുടെ ഡയറക്ടറായി പ്രവര്‍ത്തിച്ച ഫാ. ഗ്രിഗറി "ചാസി'ന് പുതിയ മുഖം പകര്‍ന്നു.
ചാസിന്റെ ഡയറക്ടറായിരിക്കെ വിവിധസന്നദ്ധ സംഘടനകളും സമുദായങ്ങളുമായി ചേര്‍ന്ന് ചങ്ങനാശേരിയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അദ്ദേഹം നടപ്പാക്കി ചാസ് കാര്‍ഷികമേള കാര്‍ഷിക രംഗത്ത് പുത്തന്‍ ഉണര്‍വ് പകര്‍ന്നു.മാടപ്പള്ളി, തുരുത്തി ഫൊറോന പള്ളി. ചമ്പക്കുളം ബസിലിക്ക പള്ളികളില്‍ വികാരിയായിരിക്കെ ആയിരത്തിലേറെ വീടുകള്‍ നിര്‍മ്മിക്കുകയും അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്തു.
കഴിഞ്ഞ മൂന്നരവര്‍ഷമായി ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്കയുടെ റെക്ടറായി ശുശ്രൂഷ നിര്‍വഹിച്ചു വരികയായിരുന്നു. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കല്ലൂര്‍ക്കാടിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അച്ചന് നടത്തിയ പരിശ്രമങ്ങള്‍ സ്മരണീയമാണെന്ന് ഇടവകാംഗങ്ങള്‍ പറഞ്ഞു.
ജീവകാരുണ്യനിധിയിലൂടെ നടപ്പിലാക്കിയത് 32 കോടിയുടെ പദ്ധതി
1972ല്മെത്രാഭിഷേക സ്മാരകമായി മാര്‍ ജോസഫ് പവ്വത്തില്‍ ആരംഭിച്ച ജീവകാരുണ്യനിധിയുടെ ഡയറക്ടറായും 2004ല്‍ ജീവകാരുണ്യനിധി ട്രസ്റ്റായി ഉയര്‍ത്തിയതുമുതല്‍ ഇന്നോളം അതിന്റെ സെക്രട്ടറിയായും ഫാ. ഗ്രിഗറി ഓണംകുളം നിസ്തുലമായ ശുശ്രൂഷ ചെയ്തു. ട്രസ്റ്റിന്റെ കീഴിലുള്ള കളർ എ ഡ്രീം, കളര്‍ എ ഹോം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവിതത്തിന് നിറവും പ്രതീക്ഷകളും പകരാന്‍ ഈ വൈദികനു കഴിഞ്ഞു.
കളര്‍ എ ട്രീം പദ്ധതിയിലൂടെ 3400 വിദ്യാര്‍ഥികള്‍ക്ക് പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പലിശരഹിതമായി 14കോടിയോളം രൂപ വായ്പയായി നല്‍കിയത് ഫാ. ഓണംകുളത്തിന്റെ ദര്‍ശനത്തിന്റെ ഭാഗമാണ്.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആവിഷ്കരിച്ച കുടില്‍രഹിത അതിരൂപത എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ 2013മുല് 18കോടിയോളം രൂപ ഭവനനിര്‍മാണത്തിനു നല്‍കാനും ഫാ. ഓണംകുളത്തിനു കഴിഞ്ഞു.