സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റി
Friday, October 4, 2024 5:17 AM IST
തിരുവനന്തപുരം: ഡിസംബര്‍ മൂന്നു മുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് നടത്താനിരുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആദ്യവാരത്തേക്കു മാറ്റിയതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണ് തീയതി മാറ്റിയത്. പരീക്ഷ നടക്കുന്ന കാര്യം കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ വഴി അറിയിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.
കലോത്സവം മാറ്റിയ സാഹചര്യത്തില്‍ സ്കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളും പുനഃക്രമീകരിച്ചിട്ടുണ്ട്. സ്കൂള്‍തല മത്സരങ്ങള്‍ ഈമാസം 15നകം പൂര്‍ത്തിയാക്കും. സബ് ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 10ന് മുന്‍പായും ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ മൂന്നിനു മുന്‍പായും പൂര്‍ത്തിയാക്കും.