സ്കൂട്ടറിൽ ബസിടിച്ച് എട്ടു വയസുകാരിക്ക് ദാരുണാന്ത്യം
Friday, October 4, 2024 5:17 AM IST
കൂത്താട്ടുകുളം: അമ്മയും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മകൾക്കു ദാരുണാന്ത്യം. ഇടയാർ കൊച്ചുമലയിൽ കെ.എ. അരുണിന്റെയും അശ്വതിയുടെയും മകൾ ആരാധ്യ അരുണ്‍ (എട്ട്) ആണു മരിച്ചത്. എംസി റോഡിൽ കൂത്താട്ടുകുളം അന്പലംകുന്ന് പെട്രോൾ പന്പിനു സമീപം ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു അപകടം.
മൂവാറ്റുപുഴ ഭാഗത്തുനിന്ന് കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിനെ ഫാസ്റ്റ് പാസഞ്ചർ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെയാണു അപകടം നടന്നത്. ബസിന്റെ മധ്യഭാഗം തട്ടി സ്കൂട്ടർ മറിഞ്ഞു. സ്കൂട്ടർ ഓടിച്ചിരുന്ന ആരാധ്യയുടെ അമ്മ അശ്വതി (36), സഹോദരി ആത്മിക (നാല്) എന്നിവർ റോഡിന്റെ അരികിലേക്ക് വീണെങ്കിലും -പരിക്കില്ലാതെ രക്ഷപ്പെട്ടു. ആരാധ്യ ബസിനടിയിലേക്കാണു വീണത്. അപകടമറിഞ്ഞ് കണ്ടക്ടർ ബെല്ല് അടിച്ച് ബസ് നിർത്തിച്ചു. ബസിന്റെ അടിയിൽ കുട്ടിയുണ്ടെന്ന് അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.