പ്രധാനമന്ത്രിക്കുവേണ്ടി റീത്ത് സമർപ്പിച്ചു
Friday, October 4, 2024 5:17 AM IST
പത്തനംതിട്ട: സൈനികൻ തോമസ് ചെറിയാന് പ്രധാനമന്ത്രിയുടെ ആദരം. സഹോദരനും റിട്ട. സൈനികനുമായിരുന്ന പരേതനായ തോമസ് മാത്യുവിന്റെ മകൻ ഷൈജു മാത്യുവിന്റെ വീട്ടിലെത്തിയ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള രാജ്യത്തിന്റെ അനുശോചനം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി തോമസ് ചെറിയാന്റെ ചിത്രത്തിനു സമീപം റീത്ത് സമർപ്പിച്ചു. ഇതേ വിമാനാപകടത്തിൽ കാണാതായ വയലത്തല ഈട്ടിനിൽക്കുന്നതിൽ ഇ.എം. തോമസിന്റെ വീട്ടിലും പി.എസ്.ശ്രീധരൻപിള്ള സന്ദർശനം നടത്തി.
സംസ്കാരം ഇന്ന്
പത്തനംതിട്ട: 56 വർഷം മുന്പ് ഹിമാചലിലെ റോത്തോങ്ങിലെ മഞ്ഞുമലയിൽ വിമാനം തകർന്നു മരിച്ച സൈനികൻ ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്റെ സംസ്കാര ശുശ്രൂഷ ഇന്ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കരസേന ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ഗാർഡ് ഓണർ നൽകി. തുടർന്ന് മന്ത്രി വീണാ ജോർജ് സംസ്ഥാന സർക്കാരിനുവേണ്ടി ആദരാഞ്ജലി അർപ്പിച്ചു. അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു രാവിലെ സൈനികോദ്യോഗസ്ഥർ ഇലന്തൂരിലെത്തിക്കും. രാവിലെ 10.30ന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്നു വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും.
പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് മൃതദേഹം സംസ്കരിക്കുക.