എയ്ഡഡ് പ്രഥമാധ്യാപകരുടെ അധികാരം എടുത്തുകളഞ്ഞ നടപടി ശന്പളം വൈകിപ്പിക്കാനെന്ന് ആക്ഷേപം
Friday, October 4, 2024 5:11 AM IST
പത്തനംതിട്ട: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഥമാധ്യാപകർക്കോ പ്രിൻസിപ്പലിനോ ശന്പള ബില്ലുകൾ പാസാക്കാനുണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ നടപടിക്കു പിന്നിൽ താത്കാലിക സാന്പത്തിക നേട്ടമെന്ന് ആക്ഷേപം.
ധനവകുപ്പിന്റെ പുതിയ ഉത്തരവ് മൂലം എയ്ഡഡ് സ്ഥാപനങ്ങളിലെ ശന്പളം കുറഞ്ഞത് രണ്ടുദിവസമെങ്കിലും വൈകിപ്പിക്കാനാകും. വർഷങ്ങൾക്കു മുന്‍പുണ്ടായിരുന്ന രീതിയിൽ ശന്പള ബില്ലുകൾ പാസാക്കാനാണ് പുതിയ ഉത്തരവ്.
ഇതനുസരിച്ച് എൽപി, യുപി അധ്യാപകരുടെ ശന്പള ബില്ലുകൾ അതാത് എഇഒയും ഹൈസ്കൂൾ അധ്യാപകരുടേത് ഡിഇഒയും ഹയർ സെക്കൻഡറിയുടേത് റീജണൽ ഡെപ്യൂട്ടി ഡയറക്ടറുമാണ് പാസാക്കേണ്ടത്.
സ്പാർക്ക് നിലവിൽവരുന്നതിനു മുന്‍പുണ്ടായിരുന്ന രീതിയാണിത്. സ്പാർക്ക് നിലവിൽ വന്നതോടെ ഇതിലൂടെ ബില്ലുകൾ ഓൺലൈനായി ട്രഷറിയിലേക്ക് അയയ്ക്കാൻ കഴിയുമായിരുന്നു. സ്ഥാപന മേലധികാരിയുടെ ഡിജിറ്റൽ ഒപ്പ് സഹിതമുള്ള ബില്ല് ട്രഷറിയിൽ നിന്നു പാസാക്കുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2013ലാണ് അധ്യാപക സംഘടനകളുടെ ദീർഘകാലമായ ആവശ്യത്തിന് അംഗീകാരം നൽകിയത്.
വിദ്യാഭ്യാസ ഓഫീസുകളിലെ കാലതാമസം ഇനി ശന്പളബില്ലുകളെ ബാധിക്കും. സംസ്ഥാനത്തെ ഒട്ടനവധി വിദ്യാഭ്യാസ ഓഫീസുകൾ നാഥനില്ലാ കളരികളാണ്. ഇക്കൊല്ലം എഇഒമാരുടെ ട്രാൻസ്ഫർ, പ്രമോഷൻ നടപടികൾ ഇതേവരെ പൂർത്തീകരിച്ചിട്ടില്ല. നാല്പതിലധികം ഒഴിവുകൾ ഇപ്പോഴും നികത്തിയിട്ടില്ല. സൂപ്രണ്ടുമാരാണ് പലയിടത്തും വിദ്യാഭ്യാസ ഓഫീസർമാരുടെ ചുമതല വഹിക്കുന്നത്.
വിദ്യാഭ്യാസ ഓഫീസർമാരെ ഇടയ്ക്കുവച്ച് മാറ്റാറുണ്ട്. ഇവരുടെ നിയമനത്തിലെ കാലതാമസം, വിരമിക്കൽ എന്നിവയെല്ലാം ശന്പളബില്ലുകളെ ബാധിക്കും. ഓരോ നിയമനത്തിനുശേഷവും ഡിജിറ്റൽ ഒപ്പ് തയാറാക്കി അംഗീകാരം വാങ്ങേണ്ടിവരും. ഇത്തരത്തിലുണ്ടാകുന്ന കാലതാമസത്തിലൂടെ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരുടെ ശന്പളം തടയപ്പെടാം.