നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങൾ വെട്ടി
Thursday, October 3, 2024 5:55 AM IST
തിരുവനന്തപുരം: നാളെ ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി സഭാതലത്തിൽ നേരിട്ടു മറുപടി പറയേണ്ട വിഭാഗത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കിയെന്നു പരാതി. സഭയിൽ മറുപടി നൽകുന്ന നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളെ രേഖാമൂലമുള്ള മറുപടി നൽകുന്ന ചോദ്യങ്ങളാക്കി മാറ്റിയെന്നാണു പരാതി. നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കർക്കു കത്തു നൽകി.
49 ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കിയ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങളുടെ മേൽപറഞ്ഞ ചോദ്യ നോട്ടീസുകൾ പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
സഭയിൽ ഉന്നയിക്കാനുള്ള പൊതു പ്രാധാന്യം ഇല്ല, തദ്ദേശീയ പ്രാധാന്യം മാത്രമുള്ള ചോദ്യമാണ്, സഭാതലത്തിൽ വിശദമാക്കേണ്ട നയപരമായ പ്രാധാന്യം ഇല്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമസഭാ സെക്രട്ടേറിയറ്റ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റിയത്. കേരളത്തിന്റെ പൊതുസമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും വളരെയേറെ ആശങ്കപ്പെടുത്തുന്നതുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു പൊതുപ്രാധാന്യമില്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാൻ സ്പീക്കർ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അംഗങ്ങൾ മുൻഗണന രേഖപ്പെടുത്തി നൽകുന്ന ചോദ്യ നോട്ടീസുകൾ സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ നിയമസഭാ സെക്രട്ടേറിയറ്റ് സാധാരണഗതിയിൽ സാമാജികരുടെ ഓഫീസുമായോ അല്ലെങ്കിൽ അതാതു പാർലമെന്ററി പാർട്ടി ഓഫീസുകളുമായോ ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണു പതിവ്. എന്നാൽ ഇത്രയധികം ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയിട്ടും വ്യക്തത വരുത്താൻ നിയമസഭാ സെക്രട്ടേറിയറ്റ് തയാറാകാതിരുന്നത് ദുരൂഹമാണെന്നു പ്രതിപക്ഷം പറയുന്നു.
49 എണ്ണം മാറ്റി
മുഖ്യമന്ത്രിയിൽനിന്നു നേരിട്ടു മറുപടി ലഭിക്കേണ്ട എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, കാഫിർ സ്ക്രീൻ ഷോട്ട് വിഷയങ്ങളിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നൽകിയ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിർദേശങ്ങൾക്കും മുൻകാല റൂളിംഗുകൾക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയത്. ഇതുവഴി സഭാതലത്തിൽ ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെടാനുള്ള അവസരം ഇല്ലാതാകും. നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങൾക്കു സർക്കാരിനു മറുപടി നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. മാത്രമല്ല ഇതു സഭയ്ക്കുള്ളിൽ വരുന്നുമില്ല.