മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ഡിജിപിക്ക് പരാതി നൽകി
Thursday, October 3, 2024 5:55 AM IST
തിരുവനന്തപുരം: "ദ ഹിന്ദു' പത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പണറായി വിജയന്റെ അഭിമുഖത്തിനെതിരേ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും. യൂത്ത് കോണ്‍ഗ്രസിനു വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കിയും യൂത്ത് ലീഗിനായി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസുമാണ് പരാതി നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് നല്കിയ പരാതിയിൽ പറയുന്നത് മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ അച്ചടിച്ചുവന്നത് വർഗീയ സ്വഭാവമുള്ള പരാമർശമാണെന്നും സംഭവത്തിൽ "ദ ഹിന്ദു' ദിനപത്രത്തിനും പിആർ ഏജൻസിക്കും എതിരേ കേസ് എടുക്കണമെന്നുമാണ്. വ്യാജ വാർത്ത ഉണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് പരാതി.
യൂത്ത് ലീഗ് നല്കിയ പരാതിയിൽ മുഖ്യമന്ത്രിയെയും ദ ഹിന്ദു പത്രത്തിന്റെ എഡിറ്ററെയും ഡപ്യൂട്ടി എഡിറ്ററെയും കൈസണ്‍ പിആർ ഏജൻസി മാനേജിംഗ് ഡയറക്ടറെയും എതിർകക്ഷിയാക്കിയാക്കിയിട്ടുണ്ട് .
"ദ ഹിന്ദു'പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കുന്നതിനും ഒ രു ദേശത്തെ മറ്റുള്ളവരുടെ മുന്നിൽ അപകീർത്തിപ്പെടുത്തുന്നതിനുമാണെന്നും ചൂണ്ടിക്കാട്ടുന്നു.
പിആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷപ്രചാരണം നടത്തി വർഗീയധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.