മുഖ്യമന്ത്രിയുടെ അഭിമുഖം ആസൂത്രിതം: എം.എം. ഹസൻ
Thursday, October 3, 2024 5:55 AM IST
തിരുവനന്തപുരം: മലപ്പുറം ജില്ലയെയും അവിടത്തെ ജനങ്ങളെയും അവഹേളിക്കുന്ന മുഖ്യമന്ത്രിയുടെ അഭിമുഖം ആസൂത്രിതമാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
കരിപ്പുർ വിമാനത്താവളത്തിൽ പിടിക്കുന്ന സ്വർണവും ഹവാലപ്പണവും മലപ്പുറം ജില്ലയിലുള്ളവർ ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
പിആർ ഏജൻസിയെ ഉപയോഗിച്ച് അസത്യവും വിശ്വസിക്കാൻ കഴിയാത്തതുമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്.
മുഖ്യമന്ത്രി അഭിമുഖത്തിനായി "ദ ഹിന്ദു 'പത്രം തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. കാലങ്ങളായി ബിജെപി ഉന്നയിക്കുന്ന വർഗീയ നിലപാട് കേന്ദ്രസർക്കാരിന്റെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിആർ ഏജൻസിയുടെ സഹായത്തോടെ നടത്തിയ നീക്കമാണ് അഭിമുഖമെന്നും യുഡിഎഫ് കണ്‍വീനർ പറഞ്ഞു.