പുതിയ പാര്‍ട്ടി ഉടൻ: പി.വി. അൻവർ
Thursday, October 3, 2024 5:55 AM IST
നിലമ്പൂര്‍: മുഖ്യമന്ത്രിക്കെതിരേയും ആഭ്യന്തരവകുപ്പിനെതിരേയും അതിരൂക്ഷമായ ആരോപണങ്ങള്‍ അഴിച്ചുവിട്ട നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു. എടവണ്ണ ഒതായിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന വാര്‍ത്ത നേരത്തേ അന്‍വര്‍ തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ തീരുമാനം അദ്ദേഹം പങ്കുവച്ചത്.
ആദ്യപടിയായി ഈ മാസം ആറിന് മഞ്ചേരിയില്‍ ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. മലപ്പുറത്തെ ഓരോ പഞ്ചായത്തില്‍നിന്നും ആയിരത്തോളം പേരെ പങ്കെടുപ്പിക്കും. പാര്‍ട്ടിയുടെ പേരും നയപ്രഖ്യാപനവും വൈകില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും പാര്‍ട്ടിക്കു കമ്മിറ്റികളുണ്ടാക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ മത്സരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
""രാജ്യത്ത് മതേതരത്വം പ്രശ്നം നേരിടുകയാണ്. ആ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന സെക്കുലര്‍ പാര്‍ട്ടിയായിരിക്കും. ആ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ നിങ്ങളോട് വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ പ്രത്യേക സമ്മേളനം വിളിക്കും. അദ്ദേഹം പറഞ്ഞു.പാര്‍ട്ടി ആവശ്യമാണ്. ലക്ഷക്കണക്കിനു യുവാക്കളുടെ പിന്തുണയുണ്ടാകും. പാര്‍ട്ടിയെക്കുറിച്ച് വ്യക്തമായ ചിത്രം എന്റെ മനസിലുണ്ട്. ആള്‍ബലമുള്ള പാര്‍ട്ടിയായി അത് മാറും. കാത്തിരുന്നു കണ്ടോളൂ’’-അന്‍വര്‍ പറഞ്ഞു. യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരും. മതേതരത്വത്തില്‍ അടിയുറച്ച് എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പുതിയ പാര്‍ട്ടിയായിരിക്കുമെന്നും അതെന്ന് അന്‍വര്‍ പറഞ്ഞു.
സിപിഎമ്മില്‍നിന്ന് ഒരു ഹിന്ദു പുറത്തുപോയാല്‍ അവരെ സംഘിയാക്കും. മുസ്ലിം ആണെങ്കില്‍ സുഡാപ്പിയും ജമാഅത്തെ ഇസ്ലാമിയുമാക്കും. ആ പാര്‍ട്ടിയില്‍നിന്ന് വിട്ടുപോവുകയോ ബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് സിപിഎം ചാര്‍ത്തിക്കൊടുക്കുന്ന പേരുകളാണിവ. അതുകൊണ്ട് മാപ്പിളയായ തനിക്ക് അവര്‍ പേര് ചാര്‍ത്തുമെന്ന കാര്യം ഉറപ്പല്ലേയെന്നും അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേയും അന്‍വര്‍ രൂക്ഷവിമര്‍ശനം നടത്തി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ബോധപൂര്‍വമാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ താന്‍ പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
"ദ ഹിന്ദു’ ദിനപത്രത്തിനു മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുത്തിയത് നാടകമാണെന്നു പി.വി.അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിരുന്നെങ്കില്‍ വാര്‍ത്ത വരുമ്പോള്‍ കത്ത് അയയ്ക്കണമായിരുന്നു. സംഭവം വലിയ വിവാദമായ ശേഷമാണു "ഹിന്ദു’വിനു കത്തയച്ചത്.
കാര്യങ്ങള്‍ കൈവിട്ടപ്പോഴാണു സംഭവത്തില്‍ വ്യക്തതവരുത്തിയത്. ഇന്നലെ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി മലപ്പുറത്തെ കരിപ്പുരെന്നു തിരുത്തിയതില്‍ സന്തോഷമുണ്ട്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ കേന്ദ്രമാണെന്ന് ഇന്ത്യ മുഴുവന്‍ അറിയിക്കാനാണ് "ഹിന്ദു’വിന് അഭിമുഖം നല്‍കിയതെന്ന് ഓര്‍ക്കണം. ബിജെപി, ആര്‍എസ്എസ് ഓഫീസുകളില്‍ ഇത് കാണാനാണ് അഭിമുഖം നല്‍കിയതെന്നും അന്‍വര്‍ ആരോപിച്ചു.
ഹിന്ദു പത്രം മുഖ്യമന്ത്രിയുടെ അഭിമുഖ ഓഡിയോ പുറത്തുവിടണം. ശക്തമായ ആലോചനയുടെ ഭാഗമായി വന്ന അഭിമുഖമാണിതെന്നും അന്‍വര്‍ പറഞ്ഞു. ബിജെപി നേതൃത്വവുമായി ആലോചിച്ച് നടത്തിയ അഭിമുഖമാണിത്.
മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവര്‍ അദ്ദേഹം ഒഴിയണമെന്ന് ഉപദേശിക്കണം. ആരോഗ്യപരമായ വിഷയങ്ങളുണ്ട്. മുഖ്യമന്ത്രിയാകാന്‍ യോഗ്യരായവര്‍ സിപിഎമ്മില്‍ ഉണ്ടല്ലോ, താനായിരുന്നു മുഖ്യമന്ത്രിയുടെ സ്ഥാനത്തെങ്കില്‍ രാജിവയ്ക്കുമായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
മാനസികാവസ്ഥയും ശാരീരികാവസ്ഥയും വച്ച് മുഖ്യമന്ത്രി ഒഴിയണം. പാര്‍ട്ടിയില്‍ മറ്റാരും ഇല്ലെങ്കില്‍ റിയാസിനെ മുഖ്യമന്ത്രിയാക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കോടിയേരി സഖാവിന്റെ കുടുംബത്തോടു ചോദിച്ചാല്‍ മതിയെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. ഒരു വിരല്‍ ഇങ്ങോട്ട് ചൂണ്ടുമ്പോള്‍ ബാക്കിയുള്ള നാലും മുഖ്യമന്ത്രിയുടെ നെഞ്ചത്തേക്കാണെന്നു മനസിലാക്കിയാല്‍ മതി.
പെന്ഷന് നേരാവണ്ണം നല്കാന് കഴിയാത്തതും പെര്‍മിറ്റ് ഫീസ് വര്ധിപ്പിച്ചതുമൊക്കെയാണു ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയിലേക്കു നയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് നാലുമണിക്കാണ് വിജിലന്‍സ് ഡിവൈഎസ്പി എന്റെ മൊഴിയെടുക്കാന്‍ എത്തിയത്. ഈ നാടകത്തിന് ഞാന്‍ കൂട്ടുനില്‍ക്കുന്നില്ല. അതിനാല്‍ മൊഴി തരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. നാളെ കൊടുക്കുന്ന റിപ്പോര്‍ട്ടില്‍ എന്റെ മൊഴിയെടുക്കുന്നതെന്ത്?'' അന്‍വര്‍ ചോദിച്ചു.