സിദ്ദിഖിനെ ചോദ്യംചെയ്യുന്നതു വൈകും
Thursday, October 3, 2024 5:55 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഒളിവിലായിരുന്ന നടന് സിദ്ദിഖിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനു പിന്നാലെ പുറത്തിറങ്ങി രണ്ടു ദിവസം പിന്നിട്ടിട്ടും ചോദ്യം ചെയ്യലിനു നോട്ടീസ് നല്‍കാതെ അന്വേഷണസംഘം. സുപ്രീംകോടതി ഉത്തരവിലെ ചില കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതാണു നടപടി വൈകാന്‍ കാരണമെന്നാണു വിവരം. അറസ്റ്റ് ചെയ്താല്‍ വിചാരണക്കോടതിയുടെ വ്യവസ്ഥകള്‍ക്കു വിധേയമായി സിദ്ദിഖിനെ ജാമ്യത്തില്‍ വിടണമെന്നാണു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
അറസ്റ്റ് രേഖപ്പെടുത്തിയാല്‍ തെളിവെടുപ്പിനും വൈദ്യപരിശോധനകള്‍ക്കും അവസരമുണ്ടോയെന്ന കാര്യത്തിലും അന്വേഷണസംഘത്തിനു വ്യക്തതയില്ല. ഈ കാര്യങ്ങളിലടക്കം വ്യക്തത വരുത്തിയശേഷം തുടര്‍നടപടികളിലേക്കു കടക്കാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്.
അടുത്തതവണ ഹര്‍ജി പരിഗണിക്കുന്നതുവരെ കാത്തിരിക്കാനും സാധ്യതയുണ്ട്. അതേസമയം കോടതിയില്‍ തനിക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നതിന് അന്വേഷണസംഘം മുന്‍പാകെ സ്വമേധയാ ഹാജരാകാനും സിദ്ദിഖ് തയാറെടുക്കുന്നതായും വിവരമുണ്ട്.