അന്‍വറിന് ഒപ്പമില്ല: കെ.ടി. ജലീല്‍
Thursday, October 3, 2024 5:55 AM IST
മലപ്പുറം: പി.വി. അന്‍വറിന്റെ പുതിയ പാര്‍ട്ടിയിലേക്കില്ലെന്ന് ഇടത് സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീല്‍. അന്‍വറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് വിയോജിപ്പുണ്ട്. സിപിഎമ്മിന്റെ സഹയാത്രികനായി തുടരുമെന്നും ജലീല്‍ വളാഞ്ചേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. “പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല. വെടിവച്ചുകൊല്ലുമെന്നു പറഞ്ഞാലും മുഖ്യമന്ത്രിയെയോ പാര്‍ട്ടിയെയോ തള്ളിപ്പറയില്ല. അങ്ങനെ വന്നാല്‍ ഒരുവിഭാഗം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. അത് കേരളത്തെ വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്കു നയിക്കും. അങ്ങനെ ഒരുപാതകം ഒരിക്കലും ഉണ്ടാകരുത്”- ജലീല്‍ പറഞ്ഞു.
പി.വി. അന്‍വര്‍ കേരളത്തിലെ പോലീസ് സേനയെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അതില്‍ ശരികളുണ്ടെന്ന് അന്ന് ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വിഷയം മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും നേരില്‍ കണ്ട് അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം രൂപവത്കരിച്ചത്. റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാമെന്ന് അന്‍വറിനോട് അഭ്യര്‍ഥിക്കുകയും അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തതാണ്.
എന്നാല്‍ പിന്നീട് കാര്യങ്ങളെല്ലാം കൈവിട്ടുപോകുന്നതാണു കണ്ടത്. അഭിപ്രായവും വിമര്‍ശനവും പറയും. എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയില്‍ പോകുന്നുവെന്നാണ് എന്റെ ബോധ്യം. ആ ബോധ്യം അന്‍വറിന് ഉണ്ടാകണമെന്നില്ലെന്നും ജലീല്‍ പറഞ്ഞു.
വര്‍ഗീയ താത്പര്യമുള്ളവര്‍ കുറച്ചുകാലങ്ങളായി പോലീസ് സേനയിലുണ്ട്. ഇത് തുടങ്ങിവച്ചത് കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. സുജിത്ദാസിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു. അതാണു നടപടി സ്വീകരിച്ചതെന്നും ജലീല്‍ പറഞ്ഞു. ക്രമസമാധാന ചുമതലയില്‍നിന്ന് മാത്രമല്ല, ആകെ മാറ്റിനിര്‍ത്തപ്പെടേണ്ട ഒരാളാണ് എഡിജിപി അജിത്കുമാര്‍. അദ്ദേഹം ആര്‍എസ്എസ് നേതാക്കളെ കണ്ടത് ഒട്ടും ന്യായീകരിക്കാനാകില്ല. എഡിജിപി എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി നേതാക്കളെയും കാണാന്‍ പാടില്ല. ഇനി എനിക്ക് പദവിയുടെയും ആവശ്യമില്ല.
എഴുത്ത്, യാത്രകള്‍, പഠനങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ടുപോകും. പാര്‍ലമെന്റിലോ നിയമസഭയിലോ കിടന്ന് മരിക്കണമെന്നു ചിന്തിക്കുന്നവര്‍ സിപിഎമ്മില്‍ ഇല്ല. മത്സരിച്ച് മത്സരിച്ച് ഈ പഹയനൊന്നു ചത്ത് കിട്ടിയാല്‍ മതിയെന്ന് കരുതുന്നവര്‍ മറ്റ് പാര്‍ട്ടികളിലുണ്ട്. പി. ശശിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന വാദം താന്‍ അംഗീകരിക്കുന്നില്ലെന്നും ജലീല്‍ പറഞ്ഞു.