പുതുക്കിയ വേതനം പ്രഖ്യാപിച്ചില്ല, നഴ്സുമാരും ആശുപത്രി ജീവനക്കാരും ജനുവരി ഒന്നുമുതല്‍ പണിമുടക്കും
Thursday, October 3, 2024 5:55 AM IST
തൃശൂർ: പുതുക്കിയ മിനിമം വേതനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ജനുവരി ഒന്നുമുതൽ കേരളത്തിലെ നഴ്സുമാരും ആശുപത്രി ജീവനക്കാരും പണിമുടക്കു സമരത്തിലേക്ക്. ഇന്നലെ ചേർന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ജനറൽ കൗൺസിൽ യോഗത്തിലാണു തീരുമാനം. സെക്രട്ടേറിയറ്റിലേക്കു ലോംഗ് മാർച്ചും നടത്തും.
2023 ജനുവരിയിൽ ഹൈക്കോടതി മൂന്നുമാസത്തിനുള്ളിൽ ശന്പളപരിഷ്കരണം നടത്തണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശം പാലിക്കാതെ 20 മാസത്തോളമായി സർക്കാർ മുന്നോട്ടുപോവുകയാണ്. മിനിമം വേജസ് കമ്മിറ്റിയും ഐആർസി കമ്മിറ്റിയും തെളിവെടുപ്പുകളും മീറ്റിംഗുകളും പൂർത്തിയാക്കി മിണ്ടാതിരിക്കുകയാണ്. ഹൈക്കോടതി നിർദേശിച്ചിട്ടും കേരള നഴ്സിംഗ് കൗൺസിൽ ഇലക്ഷൻ പ്രഖ്യാപനംപോലും ഉണ്ടായിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.
യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി എം.വി. സുദീപ്, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി അജയ് വിശ്വംഭരൻ, ട്രഷറർ ഇ.എസ്. ദിവ്യ, നിതിൻമോൻ സണ്ണി, ജോൺ, മുകേഷ്, അഭിലാഷ്, ലിൻസി, നിത, തോമസ് എന്നിവർ പ്രസംഗിച്ചു.