മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു
Thursday, October 3, 2024 5:55 AM IST
കണ്ണൂർ: കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഔദ്യോഗിക കാർ അപകടത്തിൽപ്പെട്ടു. എടക്കാട് കൊശോർമൂല ദേശപോഷിണി വായനശാല നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിന് പോകുംവഴി കാടാച്ചിറയിലായിരുന്നു അപകടം. കാടാച്ചിറ ഹൈസ്കൂളിനു സമീപത്തെ റോഡിൽ മന്ത്രിയുടെ കാർ എതിരേ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ മന്ത്രിയുടെ കാറിന്റെ വലതുഭാഗം തകർന്നു. കാർ അപകടത്തിൽപ്പെട്ടതോടെ മന്ത്രിക്ക് അകന്പടി വന്ന പോലീസ് ജീപ്പിലാണ് മന്ത്രി ഉദ്ഘാടനച്ചടങ്ങിനെത്തിയത്. കാറിന് കേടുപാട് സംഭവിച്ചെങ്കിലും മന്ത്രിയടക്കമുള്ള യാത്രക്കാർക്കും ഓട്ടോറിക്ഷ യാത്രക്കാർക്കും പരിക്കില്ല.