സിബിഎസ്ഇ പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനം സമാപിച്ചു
Thursday, October 3, 2024 5:55 AM IST
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസ് സംഘടിപ്പിച്ച രണ്ടു ദിവസത്തെ സംസ്ഥാന സിബിഎസ്ഇ പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ആന്‍ഡ് കോണ്‍ഫറന്‍സ് കൊച്ചിയില്‍ സമാപിച്ചു. വിവിധ സെഷനുകളിലായി സിബിഎസ്ഇ അക്കാഡമിക് ഡയറക്ടര്‍ ഡോ. പ്രഗ്യ എം. സിംഗ്, അസിസ്റ്റന്റ് സെക്രട്ടറി എച്ച്. അന്നപ്പുരണി, ദീപാ മാലിക്, യുനെസ്കോ ദേശീയ പ്രോഗ്രാം ഓഫീസര്‍ സരിത ജാഥവ്, ഗാന്ധിയന്‍ പരിസ്ഥിതിപ്രവര്‍ത്തക ഡോ. വന്ദന ശിവ, എന്‍സിആര്‍ടി അസോസിയേറ്റ് ഡോ. ഗുല്‍ഫാന്‍, ഡോ. റോമില ഭട്നഗര്‍, കാര്‍ത്തിക് ശര്‍മ എന്നിവര്‍ വിഷയയാവതരണങ്ങള് നടത്തി.
സമ്മേളനത്തിന്റെ ഉദ്ഘാടനം ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥ് നിര്‍വഹിച്ചു. മാറി വരുന്ന സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകളെയും കാലികമായ മാറ്റങ്ങളെയും ഉള്‍ക്കൊണ്ടു പുതുതലമുറയെ രാഷ്ട്രനിര്‍മാണത്തില്‍ ക്രിയാത്മക പങ്കാളികളാക്കുന്നതില്‍ പ്രധാനാധ്യാപകരുടെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസ് പ്രസിഡന്റ് ഫാ. സിജന് പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോജി പോള്‍, ട്രഷറര്‍ ഡോ. എം. ദിനേശ് ബാബു, ബെന്നി ജോര്‍ജ്, ഡയാന ജേക്കബ്, എസ്. ഷിബു, ഷാജി കെ. തയ്യില്‍, കെ.പി. സുബൈര്‍, ഡോ. അബ്ദുൾ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നലെ ഗാന്ധി അനുസ്മരണപരിപാടിയും വിവിധ സെഷനുകളും നടന്നു. സമാപനസമ്മേളനത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസ് വര്‍ക്കിംഗ് പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു.