എടിഎം കൊള്ളസംഘത്തെ തേടി വിവിധ സംസ്ഥാനങ്ങളിലെ പോലീസ്
സ്വന്തം ലേഖകൻ
Thursday, October 3, 2024 5:55 AM IST
തൃശൂർ: തൃശൂരിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് സേലം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളെ തേടി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പോലീസ് സംഘങ്ങൾ തമിഴ്നാട്ടിലേക്ക് എത്തുന്നു. വിശാഖപട്ടണത്തുനിന്നും ബംഗളൂരുവിൽനിന്നും പോലീസ് എത്തിയിട്ടുണ്ട്. പ്രതികളെ ആദ്യം ചോദ്യംചെയ്യുക തൃശൂരിൽനിന്നുള്ള പോലീസ് സംഘമായിരിക്കും.
തൃശൂരിലെ മൂന്ന് എടിഎമ്മുകൾ കവർച്ച ചെയ്തു പണവുമായി രക്ഷപ്പെടുന്പോൾ തമിഴ്നാട്ടിലെ നാമക്കലിൽ പിടിയിലായ പ്രതികളുടെ പേരിൽ കവർച്ച, കൊലപാതകശ്രമം, ആയുധം കൈവശംവയ്ക്കൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങി ഏഴു വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അഞ്ചുപേരാണ് സേലം സെൻട്രൽ ജയിലിലുള്ളത്. ഒരാൾ പോലീസിന്റെ വെടിയേറ്റുമരിച്ചു. മറ്റൊരാൾ കാലിൽ വെടിയേറ്റതിനെതുടർന്ന് ചികിത്സയിലാണ്. ജയിലിലുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു കേരള പോലീസ് തമിഴ്നാട്ടിൽ ക്യാന്പു ചെയ്യുന്നുണ്ട്.
പ്രതികളുടെ ചിത്രങ്ങൾ തമിഴ്നാട് പോലീസ് മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതു കണ്ടാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പോലീസ് സംഘങ്ങൾ എത്തുന്നത്. പ്രതികൾക്കെതിരേ വിവിധ സംസ്ഥാനങ്ങളിൽ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.
ഹരിയാനയിലെ കവർച്ചസംഘമാണു തൃശൂർ എടിഎം കവർച്ചക്കേസിൽ പിടിയിലായത്. അറസ്റ്റിലായ ഹരിയാനയിലെ നൂഹ് സ്വദേശി മുഹമ്മദ് ഇക്രത്തിന്റ പേരിൽ പശ്ചിമബംഗാളിൽമാത്രം ആറു കേസുകളുണ്ടെന്നു നാമക്കൽ ജില്ലാ പോലീസ് മേധാവി രാജേഷ് കണ്ണൻ പറഞ്ഞു.