‘ആഗോള സമാധാനത്തിന്റെ യഥാർഥ ഭീഷണി ഇസ്ലാമിക തീവ്രവാദമാണ് ’ എന്ന മുഖപ്രസംഗത്തിലെ വാചകത്തോട് ശക്തമായ വിയോജിപ്പുണ്ട്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാടു കാണാതിരിക്കലാണ്. ലോക പോലീസ് ചമഞ്ഞു യുദ്ധങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വമാണ് ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു. 80തിലധികം രാജ്യങ്ങളിൽ 750 അമേരിക്കൻ സൈനിക താവളങ്ങളുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നത് യുക്രെയ്ന് നൽകുന്ന സാമ്പത്തിക-യുദ്ധോപകരണ സഹായത്താലാണ്. ലോകത്തെ മൊത്തം സൈനികച്ചെലവിന്റെ 40 ശതമാനവും നിർവഹിക്കുന്നത് അമേരിക്കയാണ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയ്ക്കു പിന്തുണ നൽകുന്നതും അമേരിക്കയാണ്. അത്തരമൊരു ശക്തിയെക്കുറിച്ച് അറിയാത്തതു കൊണ്ടാണോ മുഖപ്രസംഗം മേൽപ്പറഞ്ഞ വിധം വിലയിരുത്തിയത്.
മുഖപ്രസംഗത്തിൽ ദീപിക പറയുന്നു: “പലസ്തീനിൽ വീട് നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ച് മാധ്യമങ്ങൾ പറയുന്നതുകൊണ്ട് നമുക്കവരോട് സഹതാപമുണ്ട്.’’ ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ഇസ്രയേലിന്റെ വംശഹത്യക്കെതിരായി പ്രതികരിക്കുമ്പോൾ ദീപികയ്ക്ക് മാധ്യമങ്ങൾ പറയുന്നതുകൊണ്ടുള്ള സഹതാപം മാത്രമേ ഉള്ളൂ എന്നത് അതിശയകരമാണ്.
82 ശതമാനം ക്രിസ്ത്യൻ ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയാണ് ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് കൊടുത്തതും അനുകൂല വിധി സമ്പാദിച്ചതും. ഇതൊന്നും പത്രം അറിഞ്ഞ മട്ടില്ലെന്നു തോന്നുന്നു. അവർ ചോദിക്കുന്നത് അസർജാനിലെ ക്രിസ്ത്യൻ ജനവിഭാഗത്തിനെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നാണ്.
പഴയ സോവിയറ്റ് യൂണിയൻ വിഘടിക്കപ്പെട്ടതോടെ രൂപംകൊണ്ട പല രാജ്യങ്ങളിലും വംശീയമായ ഏറ്റുമുട്ടൽ നടന്നുവരുന്നുണ്ട്. ഇവക്കെല്ലാം മതനിരപേക്ഷമായ പരിഹാരനടപടിയാണാവശ്യം. എന്നാൽ അവിടങ്ങളിലൊക്കെ അത്തരം വിഭാഗങ്ങളിൽ തീവ്രവാദ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വംശീയ ഗ്രൂപ്പുകൾകൂടി ഉണ്ടെന്നത് തിരിച്ചറിയണം. പലസ്തീനികളുടെ രാഷ്ട്രസ്ഥാപനത്തിന്റെ വിഷയം ഇതിൽനിന്നെല്ലാം ഭിന്നമാണ്. പലസ്തീനികളുടെ ഈ അവകാശം കവർന്നെടുക്കാൻ ഇസ്രയേൽ നടത്തുന്ന ശ്രമങ്ങൾക്കു പിന്നിലും അമേരിക്കയാണ്.
കേരളത്തിൽ ഇപ്പോൾ ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്പ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണു പറഞ്ഞത്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും ജയരാജൻ പോസ്റ്റിൽ വ്യക്തമാക്കി.