ഇഎസ്എ: കേന്ദ്രത്തിനു കൈമാറുന്നത് തിരുത്തലുകൾ വരുത്തിയ രേഖയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: ഇഎസ്എ സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ ബന്ധപ്പെട്ട എല്ലാ പഞ്ചായത്തുകളും വേണ്ട ഭേദഗതികൾ നിർദേശിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച് തിരുത്തലുകൾ വരുത്തിയ രേഖകളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇനി സംസ്ഥാന സർക്കാർ കൈമാറുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജനവാസ മേഖലകൾ ഒഴിവാക്കി, വനമേഖലയിൽ മാത്രം നിജപ്പെടുത്തി കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം (ഇഎസ്എ) വിജ്ഞാപനം ചെയ്യുന്നതിനുവേണ്ട സംസ്ഥാനത്തിന്റെ കരട് നിർദേശങ്ങൾ കേന്ദ്രത്തിന്റെ വിദഗ്ധ സമിതിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്.
2014ലെ ആദ്യ കരട് ഇഎസ്എ വിജ്ഞാപനത്തിൽ കേരളത്തിന്റെ ഇഎസ്എ ആയി 9993.7 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെടുത്തിയത്. 2024 ജൂലൈ31ലെ പുനർവിജ്ഞാപനത്തിലും വിസ്തൃതി 9993.7 ചതുരശ്ര കിലോമീറ്ററാണ്. എന്നാൽ ഇഎസ്എ വില്ലേജുകളുടെ എണ്ണം 123 ൽ നിന്നു 131 ആയി കൂടിയിട്ടുണ്ട്. വില്ലേജുകളിൽ ചിലത് വിഭജിച്ച് പുതിയ വില്ലേജുകൾ രൂപവത്കരിച്ചതിനാൽ ആണ് എണ്ണം വർധിച്ചത്.
ഇഎസ്എ വില്ലേജുകളിലെ അതിർത്തികളിലെ വൈരുധ്യം, പ്രദേശത്ത് നടപ്പിലാക്കാൻ പോകുന്ന നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും നിർദേശങ്ങളും ആശങ്കകളും പരിഗണിച്ച്, വില്ലേജ്-വനാതിർത്തികൾ പരിശോധിച്ച് ജനവാസ മേഖലകൾ ഒഴിവാക്കി ഇഎസ്എ ആയി നിജപ്പെടുത്തേണ്ട പ്രദേശങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല പരിശോധന സമിതി രൂപവത്കരിച്ചിരുന്നു.
തുടർന്ന് വിവിധ തലങ്ങളിലെ പരിശോധനയ്ക്കും വിവരശേഖരണത്തിനും ശേഷം വില്ലേജ് അതിർത്തികൾ, വനാതിർത്തികൾ, തുടങ്ങിയവ വേണ്ടപക്ഷം സ്ഥലപരിശോധന സഹിതം നടത്തി അന്തിമമാക്കുന്നതിനായി അതതു ജില്ലാതല കമ്മിറ്റികൾക്ക് കൈമാറി. സംസ്ഥാനത്ത് 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ കണക്കാക്കിയിട്ടുണ്ട്.
തുടർ ഭേദഗതികൾ ഉള്ളപക്ഷം വേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന വിവരം സഹിതം കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.