സമർപ്പണമാണ് സന്യാസ ജീവിതലക്ഷ്യം: കർദിനാൾ മാർ ക്ലിമീസ് ബാവ
Thursday, September 19, 2024 1:28 AM IST
തിരുവല്ല: സമർപ്പണമാണ് സന്യാസ ജീവിതത്തിന്റെ ലക്ഷ്യമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മിശിഹാനുകരണ സന്യാസിനീസമൂഹം ശതാബ്ദി ആഘോഷങ്ങൾ തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവിക ചിന്തയിലൂടെ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ സമർപ്പണ മനോഭാവം ഉണ്ടായിരിക്കണമെന്ന് ധന്യൻ മാർ ഇവാനിയോസ് പിതാവ് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ വിചിന്തനങ്ങൾ തൊട്ടുണർത്തുന്ന ഒരു കേന്ദ്രമായി സന്യാസ സമൂഹം രൂപപ്പെടുകയാണ് ഉണ്ടായത്.
സഭയുടെ ശക്തി സന്യാസപ്രസ്ഥാനങ്ങളാണ്. സഭയോടുള്ള ബന്ധത്തിൽ അണുവിട വ്യതിചലിക്കാതെ നടത്തുന്ന ശുശ്രൂഷയാണ് സന്യാസമെന്നും ഓരോ കാലഘട്ടത്തിലും സന്യാസത്തിന്റെ പ്രസക്തി ഏറിവരികയാണെന്നും കാതോലിക്കാ ബാവ പറഞ്ഞു.
സമ്മേളനത്തിൽ ബഥനി സന്യാസിനിസമൂഹം സുപ്പീരിയർ ജനറാൾ കെസിഎംഎസ് പ്രസിഡന്റ് ഡോ.മദർ ആർദ്ര എസ്ഐസി അധ്യക്ഷത വഹിച്ചു.തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും ആർച്ച് ബിഷപ് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന മധ്യേ വചനസന്ദേശവും നടത്തി.
മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ലോഗോ പ്രകാശനം നിർവഹിച്ചു. പുനലൂർ രൂപതാധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ശതാബ്ദി കർമപദ്ധതിയുടെ ഉദ്ഘാടനവും ബിഷപ് ഡോ.ഏബ്രഹാം മാർ യൂലിയോസ് പുസ്തക പ്രകാശനവും നിർവഹിച്ചു.
ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎൽഎ, ബഥനി സന്യാസി സമൂഹം സുപ്പീരിയർ ജനറാൾ റവ.ഡോ.ഗീവർഗീസ് കുറ്റിയിൽ ഒഐസി, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ഡി.എം കോൺഗ്രിഗേഷൻ പ്രതിനിധി സിസ്റ്റർ എലൈസ്, തിരുവല്ല മദർ പ്രൊവിൻഷൽ മദർ ജോബ്സി എസ്ഐസി, മുവാറ്റുപുഴ മദർ പ്രൊവിൻഷൽ മദർ ജോസ്ന എസ്ഐസി, എംസിഎം സഭാതല പ്രസിഡന്റ് ഏബ്രഹാം എം. പറ്റ്യാനി തുടങ്ങിയവർ പ്രസംഗിച്ചു.