വയനാട് ദുരന്തം : പുനരധിവാസത്തിന് തുരങ്കം വയ്ക്കുന്നു; പ്രതിഷേധ കൂട്ടായ്മയുമായി സിപിഎം
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനു തുരങ്കംവയ്ക്കും വിധത്തിലാണു പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും നേതൃത്വത്തിൽ കള്ളപ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതെന്നു സിപിഎം. വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ മാതൃകാപരവും പ്രശംസനീയവുമായ നിലയിലാണു സംഘടിപ്പിച്ചത്.
വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാൻ കഴിയുന്ന തുക ഇനം തിരിച്ചു നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
കേന്ദ്ര സർക്കാരിനു നൽകിയ നിവേദനത്തിന്റെ ഉള്ളടക്കം സർക്കാർ ചെലവഴിച്ച പണമെന്ന നിലയിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. അർഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. ഈ കള്ള പ്രചാരണത്തിനെതിരായി ഈ മാസം 24നു ജില്ലാ കേന്ദ്രങ്ങളിൽ ബഹുജന പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും.
വയനാട് ജില്ലയിൽ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും കൂട്ടായ്മ സംഘടിപ്പിക്കും. ഈ മുദ്രാവാക്യമുയർത്തി ഈ മാസം 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.