മിനിമം വേതനം പുതുക്കും; കുടുംബ ബജറ്റ് സർവേയുമായി കേരളം
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 100ലേറെ വരുന്ന മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനു മുന്നോടിയായി കുടുംബ ബജറ്റ് സർവേയുമായി കേരളം.
ഭക്ഷണം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, യാത്ര, പാർപ്പിടം തുടങ്ങിയ ഇടങ്ങളിൽ ആവശ്യമായ ചെലവ് ഉപഭോക്തൃ സൂചികയുടെ അടിസ്ഥാനത്തിൽ തയാറാക്കാനാണ് കുടുംബ ബജറ്റ് സർവേ നടത്തുന്നത്. ഒന്നര വർഷം നീളുന്ന കുടുംബ സർവേയുടെ അടിസ്ഥാനത്തിലാണ് മിനിമം വേതനം പുതുക്കുക.
2023-24 അടിസ്ഥാന വർഷം കണക്കാക്കി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സമർപ്പിച്ച ശിപാർശ മന്ത്രിസഭ അംഗീകരിച്ചാണ് സർവേയ്ക്ക് അനുമതി നൽകിയത്. ഫാമിലി ബജറ്റ് സർവേയ്ക്ക് ആവശ്യമായ ചോദ്യങ്ങൾ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പു തയാറാക്കും.
മിനിമം വേതനം പുതുക്കുന്നതിനു മുന്നോടിയായ 2011- 12ലാണ് സംസ്ഥാനത്ത് കുടുംബ സർവേ അവസാനമായി നടത്തിയത്. ഉപഭോക്തൃ സൂചികയുടെ അടിസ്ഥാനത്തിൽ 10 വർഷം കൂടുന്പോൾ മിനിമം വേതനം പുതുക്കാൻ കുടുംബ സർവേ നടത്തേണ്ടതുണ്ട്. എന്നാൽ, ഇപ്പോൾ കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ തുടർന്നു 13 വർഷം പിന്നിട്ടു. അന്ന് 85 മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനമാണു പുതുക്കി നിശ്ചയിച്ചത്. ഇപ്പോൾ കൂടുതൽ മേഖലകൾ വന്ന സാഹചര്യത്തിൽ പുതിയ സർവേയിൽ 100 ലേറെ മേഖലകൾ വരുമെന്നാണു തൊഴിൽ വകുപ്പ് കണക്കാക്കുന്നത്.
1948ലെ മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപഭോക്തൃ വില സൂചിക തയാറാക്കുന്നതിനായി ഫാമിലി ബജറ്റ് സർവേ നടത്തുക. ഇതു സംബന്ധിച്ച കാര്യങ്ങളുടെ നിയന്ത്രണത്തിന് വിവിധ വകുപ്പുകൾ ഉൾപ്പെട്ട സംസ്ഥാനതല കണ്സ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി രൂപീകരിക്കും. തൊഴിൽ, ഭക്ഷ്യ- സിവിൽ സപ്ലൈസ്, ആരോഗ്യ, വിദ്യാഭ്യാസ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകൾ അടങ്ങിയ റിവിഷൻ കമ്മിറ്റിയാകും രൂപീകരിക്കുക.
സർവേയ്ക്കായി ഡപ്യൂട്ടി ഡയറക്ടർ-1, റിസർച്ച് അസിസ്റ്റന്റ്-1, എൽഡി കന്പയിലർ, എൽഡി ടൈപ്പിസ്റ്റ്-2 എന്നീ തസ്തികകൾ 18 മാസത്തേക്ക് സൃഷ്ടിക്കും. പുനർവിന്യാസം വഴി ഈ തസ്തികകളിലേയ്ക്ക് നിയമനം നടത്തും. പ്രതിദിനം 600 രൂപ വേതനത്തിൽ 22 ഫീൽഡ് വർക്കർമാരെയും ഒന്നര വർഷത്തേയ്ക്കു നിയമിക്കും.