വിവാദങ്ങൾ കേന്ദ്രഫണ്ടിനെ ബാധിക്കുമോയെന്ന് മന്ത്രിസഭയ്ക്ക് ആശങ്ക
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടു മതിപ്പു ചെലവുകളുമായി ബന്ധപ്പെട്ടു തയാറാക്കിയ കണക്കുകൾ യാഥാർഥ ചെലവു കണക്കുകളാണെന്ന തരത്തിൽ ദൃശ്യ മാധ്യമങ്ങൾ പുറത്തു വിട്ടതു കേന്ദ്ര സഹായത്തെ ബാധിക്കുമോ എന്നു മന്ത്രിമാർക്ക് ആശങ്ക.
ഇന്നലെ ഓണ്ലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ യാഥാർഥ്യത്തിന് നിരക്കാത്ത കണക്കുകളാണ് തയാറാക്കിയതെന്ന തരത്തിലുള്ള പ്രചാരണം ചർച്ച ചെയ്തപ്പോഴാണ് ഇതു വയനാട് കേന്ദ്ര ഫണ്ടിനെ ബാധിക്കുമോ എന്ന ആശങ്ക മന്ത്രിമാർ പങ്കുവച്ചത്.
ഇത്തരം പ്രചാരണം വഴി വയനാട് ദുരന്തത്തിൽ സർക്കാർ കള്ളക്കണക്കാണ് നൽകുന്നതെന്നു ജനങ്ങൾക്കിടയിൽ വ്യാപക സംശയത്തിന് ഇടയാക്കിയതായി മന്ത്രിമാർ പറഞ്ഞു. സ്ഥിരീകരിക്കാത്ത ഇത്തരം വാർത്തകൾ നൽകുന്നകാര്യം പരിശോധിക്കപ്പെടണമെന്നു മന്ത്രിസഭയിൽ ചർച്ചകൾക്കു തുടക്കമിട്ട റവന്യുമന്ത്രി കെ. രാജൻ ആവശ്യപ്പെട്ടു. ദുരന്തപ്രതികരണ നിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ മനസിൽ മുറിവുണ്ടാക്കിയെന്നു രാജൻ പറഞ്ഞു.
ഇത്തരം പ്രചാരണങ്ങൾ സർക്കാരിനെതിരായ വികാരം ജനിപ്പിക്കാൻ പര്യാപ്തമാണ്. എന്നാൽ ജനം ഇതിനോടകം യാഥാർഥ്യം മനസിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മതിപ്പുചെലവുകളുടെ അടിസ്ഥാനത്തിലാണ് മെമ്മോറാണ്ടം തയാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്.
കേന്ദ്രമാനദണ്ഡപ്രകാരം സംസ്ഥാന ദുരന്തപ്രതികരണനിധിയിൽ നിന്ന് ചെലവിടാവുന്ന തുകയ്ക്ക് പരിധിയുണ്ടെന്നും മന്ത്രി പറഞ്ഞു.