കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ സിനിമാ ഷൂട്ടിംഗിന് നൽകും
Thursday, September 19, 2024 1:28 AM IST
ചാത്തന്നൂർ: സിനിമാ ഷൂട്ടിംഗിനായി കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ വാടകയ്ക്കു നല്കും. കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ടിക്കറ്റേതരവരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സംരംഭം നടപ്പാക്കുന്നത്.
കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത തരത്തിലുള്ളതുമായ സ്ഥലങ്ങൾ സിനിമാ ഷൂട്ടിംഗ് സെറ്റ് നിർമിക്കാൻ ദിവസവാടക അടിസ്ഥാനത്തിൽ നൽകാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക്, വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും.
നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ, പാറശാല, റീജണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്.സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച തീരുമാനമായിട്ടില്ല.