വാഹനാപകടം; ആറു വയസുകാരനടക്കം കുടുംബത്തിലെ മൂന്നു പേർക്കു ദാരുണാന്ത്യം
Wednesday, September 18, 2024 1:57 AM IST
സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടയിൽ വാഹനാപകടത്തിൽ ആറു വയസുകാരനടക്കം കുടുംബത്തിലെ മൂന്നു പേർക്കു ദാരുണാന്ത്യം. കേരള വിഷൻ സ്റ്റാഫ് ഗോവിന്ദമൂല പാഴൂർ വീട്ടിൽ ധനേഷ് (38), ഭാര്യ അഞ്ജു (27), മകൻ ഇഷാൻ കൃഷ്ണ എന്നിവരാണ് മരിച്ചത്.
ഗുണ്ടൽപേട്ടയിൽനിന്നു ബത്തേരിക്കു തിരിയുന്ന റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. കല്ലുകയറ്റി ഗുണ്ടൽപേട്ട ഭാഗത്തേക്ക് പോകുകയായിരുന്ന മൾട്ടി ആക്സിൽ ട്രക്ക് നിയന്ത്രണംവിട്ട് കുടുംബം സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ധനേഷ് റോഡിലേക്കു തെറിച്ചുവീണു. അഞ്ജുവും ഇഷാൻ കൃഷ്ണയും ബൈക്കും ട്രക്കിന് അടിയിൽപ്പെട്ടു. മൂവരും സംഭവസ്ഥലത്ത് മരിച്ചു. അടിയിൽപ്പെട്ട ബൈക്കിനെ ട്രക്ക്200 മീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. അവധിക്കു വീട്ടിലെത്തിയ ധനേഷ് കുടുംബത്തിനൊപ്പം വിനോദയാത്ര പോയപ്പോഴായിരുന്നു ദുരന്തം.
ചാമരാജ്നഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്നു പുലർച്ചെ വയനാട്ടിലെത്തിക്കും.
മൃതദേഹങ്ങൾ കയറ്റിയ ആംബുലൻസുകൾ ദേശീയപാത 766ലെ ബന്ദിപ്പുര വനഭാഗത്തുകൂടി രാത്രി കടന്നുപോകുന്നതിനു ചാമരാജ്നഗർ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.
പൂതാടി തോണിക്കുഴിയിൽ സത്യൻ-ബിന്ദു ദന്പതികളുടെ മകളാണ് അഞ്ജു. പൂതാടിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പൊതുദർശനത്തിനുവച്ചശേഷമാണു ധനേഷിന്റെ വീട്ടിലേക്കു കൊണ്ടുപോകുക. മോഹനൻ-വിലാസിനി ദന്പതികളുടെ മകനാണ് ധനേഷ്.
സഹോദരങ്ങൾ: ജിജീഷ്, ധനീഷ്. അജയ്, അതുല്യ എന്നിവർ അഞ്ജുവിന്റെ സഹോദരങ്ങളാണ്.