മങ്കി പോക്സ്: പരിശോധനാ ഫലം ഇന്ന്
Wednesday, September 18, 2024 1:57 AM IST
മഞ്ചേരി: മങ്കിപോക്സ് രോഗലക്ഷണത്തോടെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ പരിശോധനാ ഫലം ഇന്നു ലഭിച്ചേക്കും. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ ഒതായി സ്വദേശിക്കാണു രോഗലക്ഷണങ്ങള്‍ കണ്ടത്. പനിയും തൊലിപ്പുറത്ത് ചിക്കന്‍പോക്സ് പോലെയുള്ള തുടിപ്പുകളും കണ്ടതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി ത്വക്ക് രോഗ വിഭാഗത്തില്‍ ചികിത്സ തേടിയപ്പോഴാണ് സംശയം തോന്നി നിരീക്ഷണത്തിലാക്കിയത്.