ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വകാര്യ ചാനലിനെതിരേ ഡബ്ല്യുസിസി
Tuesday, September 17, 2024 1:49 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തു വിട്ട സ്വകാര്യ ചാനലിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കി ഡബ്ല്യുസിസി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ ചാനല്‍ പുറത്തു വിട്ടത് കോടതിവിധി ലംഘിച്ചുകൊണ്ടാണെന്നും സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍കൂടി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തില്‍ ഇപ്പോള്‍ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമവിചാരണയാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങള്‍ സംശയാസ്പദമാണ്.
പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറംലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീജീവിതങ്ങളെ ദുരിതപൂര്‍ണവും കടുത്ത മാനസിക സമ്മര്‍ദത്തിലും ആക്കുന്നു.
സ്വകാര്യതയ്ക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്ത ആക്രമണം തടയണമെന്നും പരാതിയില്‍ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.