എച്ച്എന്‍എൽ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കണം: കോടതി
Tuesday, September 17, 2024 1:49 AM IST
കൊച്ചി: മൂന്നാറില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനു സര്‍ക്കാര്‍ പാട്ടത്തിനു നല്കിയ ഭൂമിയിലെ കൈയേറ്റം എത്രയും വേഗം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.
എച്ച്എന്‍എല്‍ കമ്പനിയുടെ കൈവശമുള്ളത് സര്‍ക്കാര്‍ ഭൂമിയാക്കി കണക്കാക്കാനും രജിസ്റ്ററിലും മറ്റും മാറ്റം വരുത്തി സ്ഥലം സ്വന്തമാക്കാന്‍ സ്വകാര്യ ഭൂമാഫിയയ്ക്ക് ഒത്താശ ചെയ്ത റവന്യു ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കാനും ലാൻഡ് റവന്യു കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ തള്ളിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
വനം വകുപ്പിന്റെ കൈയിലുണ്ടായിരുന്ന ചിന്നക്കലാലിലെ 51.51 ഹെക്ടര്‍ സ്ഥലമാണ് 1992ല്‍ കരാർ അടിസ്ഥാനത്തില്‍ എച്ച്എന്‍എലിനു സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയത്. എന്നാല്‍, തങ്ങളുടെ ഭൂമി എച്ച്എന്‍എല്‍ കമ്പനി കൈയേറിയെന്നാരോപിച്ച് സിബി തോമസ്, അന്തോണിയമ്മാള്‍ എന്നിവര്‍ നേരത്തേ നല്കിയ ഹര്‍ജിയില്‍ അന്വേഷണത്തിനു ജില്ലാ കളക്ടര്‍ക്കു ഹൈക്കോടതി ഉത്തരവ് നല്കി.
പിന്നീട് അന്തോണിയമ്മാളിന്റെ 2.80 ഏക്കര്‍ സ്ഥലം താന്‍ വാങ്ങിയതാണെന്നു കാട്ടി ആല്ബിന് എന്നയാള്‍ കോടതിയിലെത്തി. മാര്‍ക്കോസ് ഐസക്കിന്റെ 3.25 ഏക്കര്‍ വാങ്ങിയെന്ന് അവകാശപ്പെട്ട് സിബി തോമസും ഹര്‍ജി നല്കി.
ഇരുവരുടേതും പട്ടയ ഭൂമിയാണെന്നും ഇപ്പോള്‍ ഇത് 1999ലെ സൂര്യനെല്ലി യൂക്കാലിപ്റ്റ്സ് പ്ലാന്റേഷന്റെ ഭാഗമായി കാണുന്നുവെന്നും വ്യക്തമാക്കി താലൂക്ക് സര്‍വേയര്‍ 2007ല്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും അവരുടെ ഭൂമി കൈമാറാന്‍ കളക്ടര്‍ ഉത്തരവിട്ടു. ഇതിനെതിരേ എച്ച്എന്എലും വനംവകുപ്പും നല്കിയ അപ്പീലില്‍ ഇരുവരുടെയും പേരിലുള്ളത് വ്യാജ പട്ടയമാണെന്നും സ്ഥലം ഒഴിപ്പിക്കാനും ലാൻഡ് റവന്യു കമ്മീഷണര്‍ ഉത്തരവിട്ടു.
രജിസ്റ്ററിലെ ഒപ്പുകളില്‍ വ്യത്യാസം, സര്‍വേ നമ്പറുകളിലെ വ്യത്യാസം, 1976ല്‍ പ്രിന്റ് ചെയ്ത ഫോറത്തില്‍ 1972ല്‍ പട്ടയത്തിനുള്ള അപേക്ഷ, അനുവദിച്ച സമയത്തെ സ്പെഷല്‍ തഹസീല്‍ദാറുടെ ഒപ്പല്ല പട്ടയത്തിലുള്ളത്, സര്‍ക്കാരുമായുള്ള കരാറിന്റെ അടിസ്ഥനത്തിലാണ് ഭൂമി എച്ച്എന്എലിന് കൈമാറിയത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ക്ക് ലാൻഡ് റവന്യു കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
തെളിവെടുപ്പിനു വേണ്ടി പല തവണ ആവശ്യപ്പെട്ടിട്ടും രണ്ട് ഹര്‍ജിക്കാരും ഹാജരായില്ല. തുടര്‍ന്ന് ഇരുവരുടേയും വ്യാജ പട്ടയമാണെന്ന് വിലയിരുത്തി കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേ ആല്‍ബിനും ബാബുരാജും കോടതിയെ സമീപിക്കുകയായിരുന്നു.
എട്ടു മാസത്തോളം തുടര്‍ച്ചയായി തെളിവെടുപ്പ് മാറ്റിവയ്പിച്ചതില് ന്യായീകരണമില്ലെന്നു കോടതി വ്യക്തമാക്കി. കോടതി ഇടപെടലിനെത്തുടര്‍ന്നുള്ള തെളിവെടുപ്പില്‍ ഹര്‍ജിക്കാര്‍ ഹാജരാകാന്‍ ബാധ്യസ്ഥരായിരുന്നു.
മാത്രമല്ല, അവര്‍ ആവശ്യപ്പെട്ട രേഖകള്‍ കമ്മീഷണറുടെ തീരുമാനവുമായി ബന്ധപ്പട്ടതാണെന്നു കോടതിയെ ബോധ്യപ്പെടുത്താനായില്ല. ഇത് ഭൂമി പതിച്ചു നല്കല് നിയമവുമായി മാത്രം ബന്ധപ്പെട്ടതല്ല, ചില റവന്യു ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ ക്രമക്കേട് നടത്തിയ സംഭവമായതിനാല്‍, കമ്മീഷണറാണു തീരുമാനമെടുക്കേണ്ട പ്രധാന അധികാരി.
ഭൂപതിവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പട്ടയം ലഭിച്ചതിനു രേഖകള്‍ ഹാജരാക്കാന്‍ ഹര്ജിക്കാര്ക്കായിട്ടില്ല. പട്ടയം നല്‍കാനുള്ള പട്ടികയിലില്ലാത്ത ഭൂമി മൂന്നാമതൊരാള്‍ക്കു നല്‍കാനാവില്ല.
അന്തോണിയമ്മാളുടെ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് ആലീസ് എന്ന സ്ത്രീയുടെ ഭര്‍ത്താവായ ആല്ബിനുതന്നെയാണു ഭൂമി കൈമാറിയിരിക്കുന്നത്. ഹര്‍ജിക്കാരനായ ആല്ബിനെതിരേ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുക്തിയില്ലാത്ത തീരുമാനമെന്നു ബോധ്യപ്പെടാത്ത സാഹചര്യത്തില്‍ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.