കാലാവസ്ഥാ വ്യതിയാനത്തില്‍ കാര്‍ഷിക നഷ്ടം 500 കോടി കവിഞ്ഞു
Tuesday, September 17, 2024 1:49 AM IST
റെജി ജോസഫ്
കോട്ടയം: കഠിനവേനലും അതിതീവ്രമഴയും കാലാവസ്ഥ തകിടം മറിച്ച ഇക്കൊല്ലം കൃഷിനാശനഷ്ടം 500 കോടി കവിഞ്ഞു. കാലാവസ്ഥാ വ്യതിയാനം കര്‍ഷകരെ ഏറ്റവും ബാധിച്ചതും ഇക്കൊല്ലമാണ്. വരള്‍ച്ചയില്‍ മാത്രം 304.11 കോടിയുടെ കൃഷി നാശമുണ്ടായി. ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം വരെ കാലവര്‍ഷത്തില്‍ 200 കോടിയുടെ നാശനഷ്ടം.
ഫെബ്രുവരി മുതല്‍ മേയ് വരെ നീണ്ട വരള്‍ച്ചയും ഉഷ്ണതരംഗവും മണ്ണിന്റെ ചൂടും വിളനാശത്തിന് കാരണമായി. ഇതേ സീസണില്‍ അന്തരീക്ഷ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. മണ്ണിലെ സൂക്ഷ്മജീവികളുടെ നാശം വരുംവര്‍ഷങ്ങളിലും കാര്‍ഷിക ഉത്പാദനത്തില്‍ ഗണ്യമായ കുറവുവരുത്തും. റബര്‍, ഏലം, കാപ്പി, കുരുമുളകം, ജാതി ഉത്പാദനത്തില്‍ പത്തു ശതമാനം വരെ ഇടിവുണ്ടാകും.
ക്ഷീരമേഖല, മത്സ്യബന്ധനം, കോഴിവളര്‍ത്തല്‍ എന്നിവയില്‍ 250 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. താപനിലയിലെ തോത് വര്‍ധനയനുസരിച്ച് 40 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഇക്കൊല്ലമുണ്ടായത്.
നൂറു ദിവസം ശരാശരി താപനില 36 ഡിഗ്രിക്കു മുകളിലായിരുന്നു. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ താപനില 40 ഡിഗ്രി കടന്നു. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ നാശനഷ്ടം. ഇടുക്കി ജില്ലയില്‍ 33,722 ഹെക്ടര്‍ വിളകള്‍ക്ക് നാശം സംഭവിച്ചു. ഇവിടെ നഷ്ടം 175 കോടി.
പാലക്കാടാണ് രണ്ടാമത്- 46.47 കോടി. മലപ്പുറം- 10.54 കോടി. കൃഷി നാശം ഏറ്റവും കുറവ് എറണാകുളത്ത് -95.45 ലക്ഷം. ഇടുക്കിയില്‍ അടുത്ത സീസണില്‍ ഏലം ഉല്‍പ്പാദനം 60 ശതമാനം കുറഞ്ഞേക്കും.
സംസ്ഥാനത്ത് 47,367 കര്‍ഷകര്‍ക്കാണ് കൃഷിനാശമുണ്ടായത്. ഏലം, നെല്ല്, വാഴ, പച്ചക്കറി, കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയ പ്രധാന വിളകള്‍ക്കെല്ലാം വന്‍നാശമുണ്ടായി. വേനല്‍ നെല്ല് ഉത്പാദനക്ഷമതയിലും കുറവു വരുത്തി. ഹെക്ടറില്‍ 500 കിലോ മുതല്‍ 1000 കിലോ വരെയാണ് നെല്ല് ഉത്പാദനത്തിലെ കുറവ്.
പാലക്കാട് ജില്ലയില്‍ 3,186.02 ഹെക്ടറിലെ വിളകള്‍ നശിച്ചു. വയനാട്ടില്‍ 419.5 ഹെക്ടര്‍ സ്ഥലത്തെ കുരുമുളക് ചെടികളും 208.3 ഹെക്ടറിലെ കാപ്പി ഉണങ്ങി. വരള്‍ച്ച വയനാട്ടില്‍ ആകെ 960.84 ഹെക്ടറിലെ വിളകളെ ബാധിച്ചു. ആലപ്പുഴയില്‍ നെല്‍ കൃഷിക്കു മാത്രം 155.5 കോടിയുടെ നഷ്ടമുണ്ടായി.