അൻവർ കടലാസ് പുലി; കുരയ്ക്കും പക്ഷേ കടിക്കില്ല: എറണാകുളം ഡിസിസി പ്രസിഡന്റ്
Tuesday, September 17, 2024 1:49 AM IST
കൊച്ചി: നാവിന് എല്ലില്ലാത്തതിനാലാണു പി.വി. അൻവർ ഓരോ ദിവസവും തെളിവുകളില്ലാതെ വെളിവുകേട് പറയുന്നതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അൻവർ കടലാസ് പുലിയാണ്. കടിക്കില്ല, കുരയ്ക്കുകയേയുള്ളൂവെന്നും ഷിയാസ് പരിഹസിച്ചു.
അൻവറിന്റെ വിരട്ടലും വിലപേശലും സിപിഎമ്മിൽ മതി, കോൺഗ്രസിനോടു വേണ്ട. മുഖ്യമന്ത്രിക്കെതിരേയും എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയും പ്രതിപക്ഷ നേതാവിനെതിരേയും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കറിനെതിരേയും തനിക്കെതിരേയുമെല്ലാം ഓരോരോ തരത്തിലുള്ള ആരോപണങ്ങൾ അദ്ദേഹം നടത്തിയിരിക്കുന്നു.
ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളാണ്. സിപിഎമ്മോ ഇടതുമുന്നണിയോ സർക്കാരോ അൻവറിന്റെ വെളിപ്പെടുത്തലുകൾക്കു യാതൊരു വിലയും നൽകുന്നില്ല. ആരും പരിഗണിക്കാതെ വരുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകളുമായും അധിക്ഷേപങ്ങളുമായും തന്നെ വിമർശിക്കുന്നവർക്കെതിരേയും കടന്നുവരുന്നത്.
രാജ്യത്തെല്ലാവരും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നേതാവായ രാഹുൽ ഗാന്ധിക്കെതിരേ പോലും അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശം അദ്ദേഹം നടത്തിയിട്ടുണ്ട്.
വണ്ടിച്ചെക്ക് കേസുകളിലും സർക്കാർ ഭൂമി കൈയേറിയ കേസിലും പ്രതിസ്ഥാനത്തുള്ള അൻവർ ഒരു തികഞ്ഞ തട്ടിപ്പുകാരനാണ്. പ്രകൃതിയെ ചൂഷണം ചെയ്തതിനു പോലും അദ്ദേഹത്തിനെതിരേ കേസുണ്ട്.
പൊതുജനങ്ങളെ കബളിപ്പിക്കാൻ നടത്തുന്ന നിരന്തരമായ അധിക്ഷേപങ്ങൾ കൊണ്ട് മുഖ്യമന്ത്രിയെ വിരട്ടുന്നത് പോലെ കോൺഗ്രസ് നേതാക്കളെ വിരട്ടാമെന്ന് അൻവർ കരുതേണ്ട.
പി. വി. അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയല്ല, കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്. അൻവറിന് മുൻപേ മുഖ്യമന്ത്രിക്കെതിരേയും പോലീസിലെ ക്രിമിനലുകൾക്കെതിരേയും ആർഎസ്എസ് ബന്ധത്തിലും കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
അത്തരം പ്രതിഷേധങ്ങൾക്ക് അൻവറിന്റെ വക്കാലത്ത് കോൺഗ്രസിന് ആവശ്യമില്ല. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കു മറുപടി പറയേണ്ട ഉത്തരവാദിത്വം കോൺഗ്രസിനില്ല. ഈ തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞ് തികഞ്ഞ അവജ്ഞയോടെ കേരളീയ സമൂഹം തള്ളിക്കളയുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.