വംശീയതയ്ക്കെതിരേ മികച്ച പിന്തുണ ലഭിക്കുന്നു: കേംബ്രിഡ്ജ് മേയർ ബൈജു വർക്കി
Tuesday, September 17, 2024 1:49 AM IST
തിരുവനന്തപുരം: യുകെയിലെത്തി വൃദ്ധസദനങ്ങളിലും മറ്റും ജോലി ചെയ്യേണ്ടിവരുന്ന കേരളത്തിലെ നിരവധി യുവജനങ്ങളുണ്ടെന്നു മലയാളിയായ കേംബ്രിഡ്ജ് മേയർ ബൈജു വർക്കി തിട്ടാല.
വേണ്ടത്ര പരിശോധനയില്ലാതെയാണു പലരും യൂറോപ്യൻ രാജ്യങ്ങളിലെത്തി ഇത്തരം ജോലിയിൽ പ്രവേശിക്കുന്നത്. ഇതിലൊരു മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബൈജു വർക്കി.
ഉന്നത വിദ്യാഭ്യാസം നേടിയവർ പോലും യുകെയിലെത്തി കെയർ ഹോമുകളിൽ ജോലി ചെയ്യുകയും ജീവിതത്തിൽ ഉയർച്ചയില്ലാതായി പോകുന്നതുമായ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനാണെങ്കിലും ജോലിക്കാണെങ്കിലും വേണ്ടത്ര പരിശോധനകളില്ലാതെ പോകുന്നതാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറ്റക്കാർക്കെതിരേ വംശീയമായും മറ്റുമുള്ള പ്രകോപനങ്ങളും അക്രമങ്ങളും നിലവിലുണ്ടെങ്കിലും അതിനെതിരേ ശക്തമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേംബ്രിഡ്ജിൽ 817 വർഷത്തിനു ശേഷമാണു വെള്ളക്കാരനല്ലാത്ത ഒരാൾ മേയറാകുന്നത്. വംശീയതയ്ക്കെതിരേയുള്ള നടപടികൾക്കു പൊതുസമൂഹത്തിൽ നിന്നു നല്ല പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. അതിനെതിരേയുള്ള ബോധവത്കരണ പരിപാടികൾക്കും അവിടെയുള്ളവർ മുന്നിൽ നിൽക്കുന്നുണ്ടെന്നും ബൈജു തിട്ടാല പറഞ്ഞു.
കോട്ടയം ആർപ്പൂക്കര തിട്ടാല പാപ്പച്ചൻ- ആലീസ് ദന്പതികളുടെ മകനായ ബൈജു, കഴിഞ്ഞ മേയിലാണ് കേംബ്രിഡ്ജ് സിറ്റി കൗണ്‍സിൽ മേയറായി ചുമതലയേറ്റത്. ഒരു വർഷത്തേക്കാണു കാലാവധി.