വണ്ടൂരിൽ യുവാവ് മരിച്ചത് നിപ ബാധിച്ചെന്നു സംശയം
Sunday, September 15, 2024 2:27 AM IST
വണ്ടൂര്‍ (മലപ്പുറം): വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചതു നിപ ബാധിച്ചാണെന്നു സംശയം. ബംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥി കഴിഞ്ഞ തിങ്കളാഴ്ചയാണു മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
കോഴിക്കോട്ടെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവാണ്. പൂന വൈറോളജി ലാബില്‍നിന്നുള്ള ഫലം വന്നാലേ രോഗം സ്ഥിരീകരിക്കൂ. യുവാവ് കാലിനു പരിക്കേറ്റതിനെത്തുടര്ന്നാണു വീട്ടിലെത്തിയത്. തുടർന്ന് പനി ബാധിക്കുകയും ചികിത്സ തേടുകയുമായിരുന്നു.
കഴിഞ്ഞ ജൂലൈ 20ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ നിപ വൈറസ് ബാധിച്ചു മരിച്ച പതിനാലുകാരന് ഇപ്പോൾ മരിച്ച വിദ്യാർഥിയുടെ വീടിനടുത്തായിരുന്നു എന്നതും ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുകയാണ്.
പതിനാലുകാരൻ മരിച്ച സംഭവത്തിൽ നിപയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അന്ന് നിപയുടെ ലക്ഷണം പ്രകടിപ്പിച്ചവരുടെ പരിശോധനാഫലം നെഗറ്റീവായതാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്. അന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.