റേഷന്‍ വ്യാപാരികളുടെ കമ്മീഷന് വീണ്ടും കടത്തില്‍
Sunday, September 15, 2024 1:29 AM IST
പത്തനംതിട്ട: ഓണക്കാലത്ത് റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് ലഭിച്ചില്ല. ഓഗസ്റ്റ് മാസത്തെ കമ്മീഷനാണ് ലഭിക്കേണ്ടിയത്. വിതരണം പൂര്‍ത്തിയായി 10 ദിവസത്തിനുള്ളില്‍ കമ്മീഷന് നല്‍കാമെന്ന് ഭക്ഷ്യ വകുപ്പിന്റെ ഉറപ്പും പാലിക്കപ്പെട്ടില്ല. ഇതു കൂടാതെ ഓണക്കാലത്ത് 1000 രൂപ ഹോണറേറിയം നല്‍കാമെന്ന ഗവണ്മെന്റിന്റെ ഉറപ്പും പാലിക്കപ്പെട്ടില്ല.
മുന്‍കാലങ്ങളില്‍ ഒരു കിലോഗ്രാം ബിപിഎല്‍ അരിക്ക് 6.20 രൂപയും ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയതിനുശേഷം മൂന്നു രൂപയും കേന്ദ്രസര്‍ക്കാര്‍ ഈടാക്കിയിരുന്നു. ഈ വില കൊടുത്ത് അരി സംസ്ഥാനം വാങ്ങി സൗജന്യമായി കേരളത്തിലെ കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്തിരുന്ന സമയത്ത് കൃത്യമായി റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രഗവണ്മെന്റ് സൗജന്യമായാണ് അരി കൊടുക്കുന്നത്. ഇതുമൂലം കോടിക്കണക്കിന് രൂപ ധനകാര്യവകുപ്പിന് ലാഭമാണ്.
എന്നിട്ടും റേഷന്‍ വ്യാപാരികളുടെ കമ്മീഷന് യഥാസമയം നല്‍കുന്നതിന് പണം അനുവദിക്കാത്തത് വഞ്ചനയാണെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സൺ വിളവിനാല്‍ പറഞ്ഞു.
സുപ്രീംകോടതി, ഹൈക്കോടതികളുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ വ്യാപാരികളുടെ കിറ്റ് കമ്മീഷന്റെ ബില്ല് യഥാസമയം ട്രഷറിയില്‍ നല്‍കിയിട്ടും സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും ബില്ല് മാറി കിട്ടാത്ത അവസ്ഥ നിലനില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.