കെ-ഫോണ്‍ ഇടപാട്: വി.ഡി. സതീശന്റെ ഹര്‍ജി തള്ളി
Saturday, September 14, 2024 3:04 AM IST
കൊച്ചി: കെ-ഫോണ്‍ നടത്തിപ്പിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ഇടപാടിലെ ക്രമക്കേടുകള്‍ തെളിയിക്കാനാവശ്യമായ വസ്തുതകള്‍ ഹര്‍ജിക്കാരനു സമര്‍പ്പിക്കാനായില്ലെന്നും ചട്ടവിരുദ്ധ ഇടപാടുകള്‍ നടന്നെന്ന് പ്രഥമദൃഷ്ട്യാ കരുതാനാകില്ലെന്നും വിലയിരുത്തിയാണു ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. പദ്ധതിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നടപ്പാക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിശദീകരണവും പരിഗണിച്ചു.
ചട്ടം ലംഘിച്ചാണു കെ- ഫോണ്‍ പദ്ധതിക്ക് കരാര്‍ നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാരിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികള്‍ക്കാണു കരാര്‍ അനുവദിച്ചിരിക്കുന്നതുമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശന് ഹര്‍ജി നല്‍കിയത്.
സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്കും 30,000 ലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് സേവനം ലക്ഷ്യമിടുന്ന പദ്ധതി പുരോഗമിക്കുകയാണെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
20,336 ഓഫീസുകള്‍ക്കും 5,484 കുടുംബങ്ങള്‍ക്കും നിലവില്‍ സേവനം ലഭിക്കുന്നുണ്ട്. ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി.