ഒടുവിൽ ഇ.പി. വാക്കുമാറ്റി; യെച്ചൂരിയെ കാണാൻ ന്യൂഡൽഹിക്കു പറന്നത് ഇൻഡിഗോ വിമാനത്തിൽ
Saturday, September 14, 2024 3:04 AM IST
കോഴിക്കോട്: ഇൻഡിഗോ വിമാനക്കന്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ചതിനെതുടർന്നു വൈകാരികമായി ഈ വിധം പ്രതികരിച്ച സിപിഎം നേതാവ് ഇ.പി. ജയരാജൻ ഇപ്പോൾ എയറിലാണ്.
സോഷ്യൽ മീഡിയയിൽ ജയരാജനെതിരേ ട്രോളുകൾ നിറയാനുള്ള കാരണം വ്യാഴാഴ്ച രാത്രി അദേഹം ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിൽനിന്നു ന്യൂഡൽഹിയിലേക്കു പറന്നതാണ്.
ഒരാവേശത്തിന് ഇപി ഇൻഡിഗോയ്ക്കെതിരേ ആഞ്ഞടിച്ചുവെങ്കിലും പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗമറിഞ്ഞു ന്യൂഡൽഹിയിലേക്കു പുറപ്പെടാൻ ശ്രമിച്ച അദേഹത്തിനു വ്യാഴാഴ്ച മറ്റു വിമാനങ്ങളൊന്നും ലഭ്യമായില്ല.
ഒടുവിൽ വാക്കുകൾ ഇരുന്പുലക്കയല്ലെന്ന ചൊല്ല് അന്വർഥമാക്കി ഇ.പി. രാത്രി പത്തരയോടെ കരിപ്പൂരിൽനിന്ന് ഇൻഡിഗോയിലാണ് പറന്നുയർന്നത്. ഇൻഡിഗോ വിമാനക്കന്പനിയേക്കാൾ തനിക്കു വലുത് സീതാറം യെച്ചൂരിയാണെന്ന് അദ്ദേഹം പിന്നീട മാധ്യമ പ്രവർത്തകരോടു പ്രതികരിച്ചു.
ഇൻഡിഗോ വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരേ യൂത്ത്കോണ്‍ഗ്രസുകാർ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെതുടർന്നാണ് ഇ.പിക്ക് ഇൻഡിഗോ വിലക്ക് ഏർപ്പെടുത്തിയത്. 2022 ജൂണ്‍ 13നായിരുന്നു വിലക്കിന് ആധാരമായ സംഭവം.
കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമം നടത്തിയിരുന്നു. സംഘർഷത്തിനിടെ അതേ വിമാനത്തിൽ ഉണ്ടായിരുന്ന ഇ.പി. ജയരാജൻ പ്രതിഷേധക്കാരെ തള്ളിയിട്ടിരുന്നു.
സ്വർണക്കള്ളക്കടത്ത് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത്കോണ്‍ഗ്രസിന്റെ പ്രതിഷേധം. യാത്രക്കാരെ തള്ളിയിട്ടതിന് ഇ.പി. ജയരാജന് മൂന്ന് ആഴ്ചത്തേക്കും യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തേക്കും ഇൻഡിഗോ വിലക്ക് ഏർപ്പെടുത്തിയിരുന്നു.