ഡിഎച്ച്എസ് സമർപ്പിച്ച പദ്ധതി സർക്കാർ വെട്ടി; ആരോഗ്യവകുപ്പിന്റെ ഓട്ടം രജിസ്ട്രേഷൻ റദ്ദായ വാഹനങ്ങളിൽ
Saturday, September 14, 2024 2:22 AM IST
ബിനു ജോർജ്
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയം മൂലം രജിസ്ട്രേഷൻ റദ്ദായ ആംബുലൻസുകൾ അടക്കം ആരോഗ്യവകുപ്പിന്റെ നിരവധി വാഹനങ്ങൾ നിരത്തുകളിലുടെ ചീറിപ്പായുന്നു.
രജിസ്ട്രേഷൻ റദ്ദായ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ചു ഹെൽത്ത് സർവീസ് ഡയറക്ടർ ആരോഗ്യവകുപ്പിനു കത്തുനൽകിയിട്ടും വിഷയം നിസാരവത്കരിച്ചിരിക്കുകയാണ്.
2023 മാർച്ച് 31നു വാഹനം പൊളിക്കൽ നയം നടപ്പാക്കിയതോടെ ആരോഗ്യവകുപ്പിലെ 848 വാഹനങ്ങളുടെ രജിസ്ട്രേഷനാണു റദ്ദായത്. 15 വർഷം കാലാവധി പൂർത്തിയാക്കിയതിൽ സർക്കാർ ആശുപത്രികളുടെയും ആരോഗ്യവകുപ്പ് ഓഫീസുകളുടെയും വാഹനങ്ങൾ ഉൾപ്പെടും.
പകരം വാഹനങ്ങൾ അനുവദിക്കാത്തതിനാൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണെന്നു ചൂണ്ടിക്കാട്ടി രണ്ടു തവണ ഹെൽത്ത് സർവീസ് ഡയറക്ടർ (ഡിഎച്ച്എസ്) നൽകിയ കത്തിനു സർക്കാർ വേണ്ടത്ര പരിഗണന നൽകിയില്ല. ഗുരുതര സാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലുള്ള രണ്ടു അഡീഷണൽ ഡയറക്ടർമാർക്കും അഡീഷണൽ ഡയറക്ടർ റാങ്കിലുള്ള ആറു ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും കൂടി എട്ടു പുതിയ വാഹനങ്ങൾ വാങ്ങാനായി ഡിഎച്ച്എസ് കഴിഞ്ഞമാസം അവസാനം നൽകിയ 86,06,544 രൂപയുടെ പദ്ധതി സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ വെട്ടിനിരത്തുകയും ചെയ്തു.
രോഗപ്രതിരോധ കുത്തിവയ്പുകൾ, ശുചിത്വ സന്ദർശനം, ഫീൽഡ് പരിശോധന തുടങ്ങിയ കൃത്യനിർവഹണങ്ങൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ അടക്കം രജിസ്ട്രേഷൻ റദ്ദായ വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നു ഡിഎച്ച്എസ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, 19,23,678 രൂപ ചെലവഴിച്ചു ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ (വിജിലൻസ്),അഡീഷണൽ ഡയറക്ടർ (ടിബി) എന്നിവർക്കു മാത്രം രണ്ടു പുതിയ മാരുതി എർട്ടിഗ സ്മാർട്ട് ഹൈബ്രിഡ് മോഡൽ വാങ്ങുന്നതിനാണ് അനുമതി നൽകിയത്.
തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറിയ ആശുപത്രികൾക്ക് തദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട് ഉപയോഗിച്ചും എംപി, എംഎൽഎ ഫണ്ടുപയോഗിച്ചും വാഹനം വാങ്ങട്ടേയെന്നാണ് സർക്കാർ നിലപാട്.
രജിസ്ട്രേഷൻ റദ്ദായതിൽ 176 ആംബുലൻസുകൾ
15 വർഷം കാലാവധി കഴിഞ്ഞതിനെ തുടർന്ന് രജിസ്ട്രഷൻ റദ്ദായ ആരോഗ്യ വകുപ്പിന്റെ 848 വാഹനങ്ങളിൽ 176 എണ്ണം ആംബുലൻസുകൾ. മൊബൈൽ ക്ലിനിക്ക്-എട്ട്, റിക്കവറി വാൻ-ഒൻപത്, ഗുഡ്സ് കാരിയർ-32, ബസ്-ഒന്ന്, മിനി ബസ്-189, വാൻ-ഏഴ്, കാർ-എട്ട്, ജീപ്പ്-398, ഇരുചക്ര വാഹനങ്ങൾ-20 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ റദ്ദായ വാഹനങ്ങളുടെ എണ്ണം.