കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജറിനു കീല് ഇട്ടു
Saturday, September 14, 2024 2:22 AM IST
കൊച്ചി: ഡ്രെഡ്ജിംഗ് കോര്പറേഷന് ഓഫ് ഇന്ത്യക്കായി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറിനുള്ള കീല് ഇട്ടു. കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഓണ്‍ലൈനായാണു കീല് സ്ഥാപിച്ചത്.
12,000 ക്യുബിക് മീറ്റര്‍ ഹോപ്പര്‍ കപ്പാസിറ്റിയുള്ളതാണ് ‘ഡിസിഐ ഡ്രെഡ്ജ് ഗോദാവരി’ എന്നു പേരിട്ടിരിക്കുന്ന ട്രെയിലിംഗ് സക്ഷന്‍ ഹോപ്പര്‍ ഡ്രെഡ്ജര്‍ (ടിഎസ്എച്ച്ഡി). ഇതു പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ നാവികശേഷിയുടെ സുപ്രധാന നാഴിക്കല്ലായി മാറും.
കേന്ദ്രസർക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായുള്ള ആത്മനിര്‍ഭര്‍ ‘ഭാരത്’സംരംഭത്തിനു കീഴിലുള്ള പ്രധാന ചുവടുവയ്പാണിതെന്ന് കപ്പൽശാല അധികൃതർ വ്യക്തമാക്കി.
കമ്മീഷന് ചെയ്തുകഴിഞ്ഞാല്‍, രാജ്യത്ത് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും നൂതനമായ ഡ്രെഡ്ജര്‍ ആയിരിക്കുമിതെന്നും അധികൃതർ പറഞ്ഞു. ചടങ്ങില്‍ ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് അംബാസഡര്‍ മരിസ ജെറാര്ഡ്സ്, വിപിഎ ആന്‍ഡ് ഡിസിഐ ചെയര്‍പേഴ്സണ്‍ ഡോ. എം. അംഗമുത്തു, ഡിസിഐ എംഡി ദുര്‍ഗേഷ്കുമാര്‍, കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ എന്നിവർ സന്നിഹിതരായിരുന്നു.