അതിരുവിട്ട ഓണാഘോഷം: മൂന്നു വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Saturday, September 14, 2024 2:22 AM IST
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് കാഞ്ഞിരോട് കോളജിലെ വിദ്യാർഥികൾ വാഹനങ്ങളിൽ അപകടകരമാം വിധം യാത്ര ചെയ്ത സംഭവത്തിൽ വാഹനം ഓടിച്ച മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ ബി.സാജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിയാസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷൈജൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.
വിദ്യാർഥികളെ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ മുകളിൽ ഇരുത്തിയും രണ്ടുഭാഗങ്ങളിൽ നിർത്തിയും അപകടകരമാം വിധം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെ ഓടിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനോടൊപ്പം എടപ്പാളിലുള്ള ഐഡിടിആറിൽ നിർബന്ധിത പരിശീലനത്തിന് അയയ്ക്കാനും സോഷ്യൽ സർവീസ് ഉൾപ്പെടെ ചെയ്യാനും നിർദേശം നൽകി.