ഫോണ്‍ചോർത്തൽ: മുഖ്യമന്ത്രി മറുപടി നൽകിയില്ലെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാൻ ഗവർണറുടെ ആലോചന
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: മന്ത്രിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോണ്‍ പോലീസ് ചോർത്തിയെന്ന ആരോപണത്തിൽ നിജസ്ഥിതി മുഖ്യമന്ത്രി നൽകിയില്ലെങ്കിൽ ഇക്കാര്യം രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാൻ ഗവർണറുടെ ആലോചന.
പി.വി. അൻവർ എംഎൽഎ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചു ഫോണ്‍ ചോർത്തിയെന്ന വെളിപ്പെടുത്തൽ രാജ്യദ്രോഹക്കുറ്റത്തിന്റെ ഗണത്തിൽപ്പെടുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സ്വീകരിച്ച തുടർ നടപടിയും മുഖ്യമന്ത്രി ഗവർണറെ അറിയിക്കണം.
മന്ത്രിമാർ, മാധ്യമപ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ഫോണ്‍ പോലീസ് ചോർത്തിയെന്ന പി.വി. അൻവർ എംഎൽഎയുടെ ആരോപണത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയോടു വിശദീകരണം തേടിയിരുന്നു. ഇതിനു ഇന്നലെ വൈകുന്നേരം വരെ സർക്കാർ മറുപടി നൽകിയിട്ടില്ല.
ഗൗരവതരമായ കുറ്റകൃത്യം പോലീസ് നടത്തിയിട്ടും അന്വേഷണം നടത്തി നിജസ്ഥിതി സർക്കാർ തന്നെ അറിയിച്ചില്ലെങ്കിൽ പ്രതിമാസ റിപ്പോർട്ടിനൊപ്പം ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കുന്നതാണ് ആലോചനയിലുള്ളത്. നേരത്തെ ചീഫ് സെക്രട്ടറിയോടു ചില കാര്യങ്ങളിൽ വിശദീകരണം തേടിയെങ്കിലും അന്നു ചുമതലയുണ്ടായിരുന്ന ഡോ. വി. വേണു ഗവർണക്കു മറുപടി നൽകിയിരുന്നില്ല.
അൻവറിന്റെ ആരോപണം ശരിയെങ്കിൽ അത് മൗലികാവകാശങ്ങളുടെയും സുപ്രീംകോടതി മാർഗനിർദേശങ്ങളുടെയും ലംഘനമാണെന്നാണ് രാജ്ഭവൻ കരുതുന്നത്. അൻവറും ഫോണ്ചോർത്തിയതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. അത് രാജ്യദ്രോഹ പ്രവർത്തനമായി മാത്രമേ കാണാനാകൂവെന്നതിനാൽത്തന്നെ നടപടികൾ കടുപ്പിക്കേണ്ടിവരുമെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്.
17 വരെ സർക്കാർ ഓഫീസുകൾക്ക് അവധിയായതിനാൽ അതുകഴിഞ്ഞേ ഇക്കാര്യം സർക്കാർ പരിഗണിക്കാനിടയുള്ളൂവെന്നാണ് കരുതുന്നത്. ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ 17നു മടങ്ങിയെത്തും. സീതാറം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിക്ക് പോയി ഇന്നു മടങ്ങിയെത്തും.
കേസന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ചോർത്താൻ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വേണം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഫോണ്‍ ചോർത്തൽ നടത്തിയിട്ടുള്ളതെന്നാണ് അൻവറിന്റെ ആരോപണം. മലപ്പുറത്ത് മോഹൻദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനെ എസ്പി സുജിത് ദാസ് ഫോണ്ചോർത്തലിനായി നിയോഗിച്ചിരുന്നെന്ന് അൻവർ ആരോപിച്ചിരുന്നു.