സുഭദ്ര കൊലക്കേസ്: ഒരാൾകൂടി കസ്റ്റഡിയിൽ
Saturday, September 14, 2024 2:22 AM IST
ആലപ്പുഴ: സുഭദ്ര കൊലപാതക കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിന്റെ സുഹത്തും ബന്ധുവുമായ റൈനോള്ഡിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് റൈനോള്‍ഡാണ്.
സ്വര്‍ണം കവരുമ്പോള്‍ റൈനോള്‍ഡും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പ്രതികളായ മാത്യുവും ശർമിളയും നേരത്തേ അറസ്റ്റിലായിരുന്നു.
ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷമാണെന്നാണ് പോലീസ് പറയുന്നത്. 73 കാരി സുഭദ്രയുടെ നെഞ്ചിൽ ചവിട്ടിയും കഴുത്ത് ഞരിച്ചും കൊലപ്പെടുത്തിയെന്ന് പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
കർണാടക മണിപ്പാലിൽ നിന്ന് പിടിയിലായ പ്രതികളെ ഇന്നലെ രാവിലെയാണ് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.
മേസ്തിരിയെ വിളിച്ചു വരുത്തി വീടിന് പിറകുവശത്ത് കുഴി എടുത്ത് മറവുചെയ്യുകയായിരുന്നു. ഏഴാം തീയതി വൈകുന്നേരം തന്നെയാണ് കൊലപാതകം നടന്നതെന്നും പ്രതികൾ പോലീസിന് മൊഴി നൽകി.