കേരളത്തിലെ ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്നത്: ഗോവ ഗവര്‍ണര്‍
Saturday, September 14, 2024 2:22 AM IST
കോഴിക്കോട്: രണ്ടാഴ്ചയായി കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ അടിത്തറ ഇല്ലാതാക്കുന്നതാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.
തൊട്ടുകൂടായ്മയിലേക്കും തീണ്ടലിലേക്കും സംസ്ഥാനം തിരികെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.പി. മുകുന്ദന് അനുസ്മരണ സമിതിയുടെ മികച്ച സേവാ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നയാളെ കാണാന്പോയോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയെന്ന് ആര്‍എസ്എസ് നേതാക്കളെ എഡിജിപി എം.ആര്. അജിത്കുമാര്‍ കണ്ടതിനെച്ചൊല്ലിയുള്ള വിവാദത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത കാര്യമാണ് ഇവിടെയുള്ളത്. ജനാധിപത്യത്തില്‍ വ്യത്യസ്ത ആശയങ്ങളും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടാവും. അത് വൈരുധ്യമല്ല വൈവിധ്യമാണ്.
രാഷ്്ട്രീയത്തില്‍ തൊട്ടുകൂടായ്മ കുറ്റകരമാണ്. ബിഹാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ജനസംഘവും ഒരേ മന്ത്രിസഭയിലെ അംഗങ്ങളായതിനെക്കുറിച്ച് 1967ല്‍ കോഴിക്കോട്ട് സമ്മേളനത്തില്‍ ദീന്‍ദയാല്‍ ഉപാധ്യായയോട് പത്രക്കാരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ജനാധിപത്യത്തില്‍ എല്ലാവരും സ്വീകാര്യരാണെന്നും രാഷ്ട്രീയത്തിലെ അസ്പൃശ്യത കുറ്റകരമാണെന്നുമായിരുന്നു.
തൊട്ടുകൂടായ്മ മാത്രമല്ല, ‘ദൃഷ്ടിയില് പെട്ടാലും ദോഷമുള്ളോരെന്ന’ കാലത്തിലേക്ക് കേരളം തിരിച്ചുപോകുകയാണ്. കപടമുഖങ്ങളോടെ യുദ്ധംചെയ്യുന്ന ഇരുമുന്നണികളും ഇക്കാര്യം പഠിക്കണം.
ഇന്നു രാഷ്്ട്രീയരംഗത്തു കാണുന്ന വിദ്വേഷം ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമിതി ചെയര്മാന് കെ.പി. ശ്രീശന് അധ്യക്ഷത വഹിച്ചു. എം.ടി. രമേശ്, കെ.വി. സുധീര്‍, പി. ഗോപാലന്‍കുട്ടി, പി.വി. ചന്ദ്രന്, വി.കെ. സജീവന്, പി. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ ആശംസ നേര്‍ന്നു.