ആലുവ എംഎൽഎയ്ക്കും വ്യാജ ഫോൺ കോൾ; ലക്ഷങ്ങൾ തട്ടാൻ ശ്രമം
Saturday, September 14, 2024 2:22 AM IST
ആലുവ: മകൾ ഡൽഹി പോലീസിന്റെ പിടിയിലാണെന്നും ലക്ഷങ്ങൾ നൽകണമെന്നുമുള്ള തട്ടിപ്പ് ഫോൺ കോൾ ആലുവ എംഎൽഎയ്ക്കും ലഭിച്ചു. ഇതിനെതിരേ അൻവർ സാദത്ത് എംഎൽഎ നൽകിയ പരാതിയിൽ ജില്ലാ പോലീസിന്റെ കീഴിലുള്ള സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ 11നാണ് എംഎൽഎയുടെ ഭാര്യക്കു വാട്ട്സാപ്പ് കോൾ വന്നത്. പോലീസ് ഉന്നത ഉദ്യോഗസ്ഥ വേഷത്തിലുള്ള ചിത്രമാണു ഫോണിൽ പ്രൊഫൈൽ ചിത്രമായി ഉണ്ടായിരുന്നത്. മകൾ മയക്കുമരുന്നുമായി ഡൽഹി പോലീസിന്റെ പിടിയിലായെന്ന് ഹിന്ദിയിലാണ് അറിയിച്ചത്. മകളുടെ പേര് പറഞ്ഞശേഷം എവിടെയാണു പഠിക്കുന്നതെന്നും ചോദിച്ചു. ഉടനെ ഭാര്യ ആലുവയിൽ സ്വകാര്യ ചടങ്ങിലായിരുന്ന അൻവർ സാദത്തിനെ വിളിച്ചു.
എംഎൽഎ മകളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 15 മിനിറ്റിനുശേഷം മകളെ ബന്ധപ്പെട്ട് ക്ലാസിലായിരുന്നുവെന്ന് ഉറപ്പായതോടെയാണു സന്ദേശം വ്യാജമാണെന്നു ബോധ്യമായത്.
നിരവധി പ്രമുഖ വ്യക്തികളെ ഇത്തരത്തിൽ ഫോൺ വിളിച്ച് തുക തട്ടിയെടുക്കുന്ന സംഭവങ്ങൾ നടക്കുന്നുണ്ട്. പാക്കിസ്ഥാൻ ഫോൺ നമ്പറുകളാണ് കൂടുതലായി ഇതിനുപയോഗിക്കുന്നതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.