കെടിഡിസി, ഡിടിപിസി ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അനുവദിച്ചു
Saturday, September 14, 2024 2:22 AM IST
തിരുവനന്തപുരം: കെടിഡിസി, ഡിടിപിസി ജീവനക്കാർക്ക് സർക്കാർ ഓണം ബോണസും അനുബന്ധ ആനുകൂല്യങ്ങളും അനുവദിച്ചു.
കെടിഡിസിയിലെ ബോണസിന് അർഹരായ സ്ഥിരം ജീവനക്കാർക്ക് വാർഷിക ശന്പളത്തിന്റെ 8.33 ശതമാനം തുകയും ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപ ഉത്സവബത്തയും നൽകും. സ്ഥിരം ജീവനക്കാർക്ക് 20,000 രൂപയും കരാർ തൊഴിലാളികൾക്ക് 5,000 രൂപയും തിരിച്ചുപിടിക്കുന്ന അഡ്വാൻസ് ആയും നൽകും.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ടൂറിസം ഡയറക്ടറും കെടിഡിസി മാനേജ്മെന്റും നടത്തിയ ചർച്ചയിലാണ് തീരുമാനം.
പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഭാഗമായല്ലാതെ കെടിഡിസിയുടെ നേരിട്ടുള്ള ട്രെയിനികൾ, കരാർ ജീവനക്കാർ, ദിവസ വേതനക്കാർ തുടങ്ങിയവർക്കും നിബന്ധനകൾക്കനുസരിച്ച് ഉത്സവബത്ത നൽകും. ഇതിനു പുറമേ ട്രെയിനീസ് ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും 1,000 രൂപ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് ആയി നൽകാനും തീരുമാനിച്ചു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സർക്കാർ ഉത്തരവിലെ മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് ഡിടിപിസി ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും നൽകുകയെന്ന് മന്ത്രി പറഞ്ഞു.
ക്ലീൻ ഡെസ്റ്റിനേഷൻ കാന്പയിനിന്റെ ഭാഗമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഉത്സവബത്തയായി 1,000 രൂപ വീതം അതതു ഡിടിപിസികൾ വിതരണം ചെയ്യണമെന്ന് നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
ലാഭത്തിൽ പ്രവർത്തിക്കുന്ന ഡിടിപിസികൾ അതതു നിർവാഹക സമിതികളുടെ തീരുമാനത്തിനു വിധേയമായി പരമാവധി 3,000 രൂപ വരെ എക്സ്ഗ്രേഷ്യ അനുവദിക്കും.