വിഎസിനെ ചേർത്തുപിടിച്ച്...
Friday, September 13, 2024 2:27 AM IST
എം. പ്രേംകുമാർ
തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മിന്റെ ഉൾപാർട്ടി രാഷ്ട്രീയത്തിൽ വി.എസ്. അച്യുതാനന്ദനെ ചേർത്തുപിടിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. ഒരുപക്ഷേ അതുകൊണ്ടു മാത്രം സംസ്ഥാനത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ വിഎസിനെപ്പോലെ തന്നെ ഏറ്റവും പ്രിയങ്കരനായ നേതാവായി സീതാറാം യെച്ചൂരിയും മാറി.
പാർട്ടിയിൽ വിഎസ് ഒറ്റയാൻ പോരാട്ടം നടത്തുന്പോൾ അദ്ദേഹത്തിന് ഉറച്ച പിന്തുണ കേന്ദ്ര കമ്മിറ്റിയിൽ നൽകിയിരുന്നതു യെച്ചൂരിയായിരുന്നു. വിഎസിനോടുള്ള യെച്ചൂരിയുടെ ഈ സ്നേഹം കേരളത്തിലെ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനു സ്വീകാര്യമായിരുന്നില്ല. എന്നിട്ടും പ്രായോഗിക രാഷ്ട്രീയത്തിൽ കേമനായിരുന്ന യെച്ചൂരി ആശയസമരത്തിന്റെ പടയാളിയായ വിഎസിനൊപ്പമായിരുന്നു എല്ലാക്കാലത്തും.2006ൽ വിഎസിനെ സ്ഥാനാർഥിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ആദ്യം തയാറായില്ല.
വിഎസ്-പിണറായി പോര് തുടങ്ങുന്ന ആ കാലത്ത് വിഎസിനു സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരേ പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി. പാർട്ടി നേതൃത്വത്തിനെതിരേ പരസ്യമായ പ്രതികരണങ്ങളും പ്രകടനങ്ങളും നടന്നു. പാർട്ടി ആകെ പ്രതിസന്ധിയിലായി. ഈ ഘട്ടത്തിൽ വിഎസിനെ സ്ഥാനാർഥിയാക്കി പ്രശ്നപരിഹാരത്തിനിറങ്ങിയത് യെച്ചൂരിയായിരുന്നു.
പാർട്ടി ബംഗാൾ ഘടകവും ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാരും വിഎസിനെ സ്ഥാനാർഥിയാക്കണമെന്ന ശക്തമായ നിലപാടെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം മറികടന്നു സിപിഎം കേന്ദ്ര നേതൃത്വം വിഎസിനെ സ്ഥാനാർഥിയാക്കി; അദ്ദേഹം മുഖ്യമന്ത്രിയുമായി.
പാർട്ടിയും ഭരണവും രണ്ടുവഴിക്കു നീങ്ങി എന്നു പറയുന്നതിനേക്കാൾ ഉചിതം വിഎസും പിണറായിയും രണ്ടുവഴിക്കായി എന്നതാകും. അടുത്ത തെരഞ്ഞെടുപ്പിലും വിഎസിനെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം തയാറായില്ല. അപ്പോഴും കേരളത്തിൽ പ്രതിഷേധങ്ങൾ നടന്നു.
യെച്ചൂരിയുടെ ഇടപെടലിൽ വിഎസ് വീണ്ടും സ്ഥാനാർഥിയായി. ശക്തമായ തെരഞ്ഞെടുപ്പുപോരാട്ടത്തിൽ രണ്ടു സീറ്റിന്റെ കുറവിൽ ഇടതുമുന്നണിക്കു ഭരണം നഷ്ടമായി. വിഎസ് പ്രതിപക്ഷ നേതാവായി. പാർട്ടിയോട് ആലോചിക്കാതെ വിഎസ് സമരങ്ങളുമായി മുന്നോട്ടുപോയി. ഈ ഘട്ടങ്ങളിലെല്ലാം വിഎസിന്റെ സമരപോരാട്ടത്തിനൊപ്പമായിരുന്നു സീതാറാം യെച്ചൂരി.
പരസ്യ പ്രതികരണങ്ങൾ വിഎസിന്റെ ഭാഗത്തുനിന്നു നിരന്തരമുണ്ടായി. അച്ചടക്ക നടപടി ഉറപ്പായിരുന്ന ഘട്ടത്തിലും അദ്ദേഹത്തിനു പിന്തുണയുമായി യെച്ചൂരി നിലകൊണ്ടു. ഇതോടെ സിപിഎമ്മിൽ യെച്ചൂരി-വിഎസ് പക്ഷമെന്ന പുതിയ രൂപം ഉടലെടുത്തു. വിശാഖപട്ടണത്തു ചേർന്ന പാർട്ടി കോണ്‍ഗ്രസിൽ സീതാറാം യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കാതിരിക്കാൻ ശ്രമങ്ങൾ നടന്നു.
പക്ഷേ, ബംഗാൾ ഘടകവും മണിക് സർക്കാരും വിഎസും യെച്ചൂരിക്കായി ശക്തമായി നിലകൊണ്ടു. പ്രതിബന്ധങ്ങളെ മറികടന്നു യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായി. സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനു മുന്‍പായി ഉച്ചഭക്ഷത്തിനു പിരിയുന്ന നേരം യെച്ചൂരിയും വിഎസും നേർക്കുനേർ കണ്ടു.
ചിരിച്ചുകൊണ്ടു വിഎസ് ‘വിഷസ്, ലാൽസലാം’ എന്ന് ആശംസിച്ച രംഗം പെട്ടെന്നു മറക്കാൻ കഴിയില്ല. യെച്ചൂരി ജനറൽ സെക്രട്ടറിയാകുമെന്ന് അദ്ദേഹത്തേക്കാൾ ഉറപ്പായിരുന്നു വിഎസിന്. അതായിരുന്നു ആ ആത്മബന്ധത്തിന്റെ ദൃഢത.
ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ദേശീയതലത്തിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ മതേതരസഖ്യം രൂപീകരിക്കാൻ താത്പര്യം കാണിച്ചതു സീതാറാം യെച്ചൂരിയായിരുന്നു. പാർട്ടി കേരള ഘടകം ഇതിനെതിരായിരുന്നു.
കണ്ണൂരിൽ നടന്ന കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഈ വിഷയത്തിന്റെ പേരിൽ ചർച്ചയിൽ പങ്കെടുത്ത സംസ്ഥാനത്തെ നേതാക്കൾ വിമർശിച്ചു.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിൽ ഒരു ബന്ധവും ഉണ്ടാക്കാൻ പാടില്ലെന്ന നിലപാടിലായിരുന്നു ഇവിടത്തെ നേതാക്കൾ. എന്നാൽ വിമർശനങ്ങളെ പാർട്ടി കോണ്‍ഗ്രസിൽ യെച്ചൂരി ശക്തമായിത്തന്നെ നേരിട്ടു.
സിപിഐ-എം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള എന്നല്ല കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്നാണെന്നു വിമർശിച്ചവർക്കു മറുപടി നൽകി. അതായത് തീരുമാനങ്ങൾ കേരളത്തിലല്ല, അങ്ങു ഡൽഹിയിൽ എകെജി ഭവനിലാണു കൈക്കൊള്ളുന്നതെന്നായിരുന്നു യെച്ചൂരിയുടെ മുന്നറിയിപ്പ്.
2016ലും വിഎസായിരുന്നു താരപ്രചാരകൻ. ഇടതുമുന്നണി വിജയിച്ചു. പക്ഷേ വിഎസ് മുഖ്യമന്ത്രിയായില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായി.
പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വിഎസിനെയും ഇരുവശങ്ങളിലിരുത്തി എകെജി സെന്ററിൽ സീതാറാം യെച്ചൂരി പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചു. അന്നു "കേരള കാസ്ട്രോ’ എന്നാണു വിഎസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പിന്നീട് വിഎസിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കാൻ പറഞ്ഞതും യെച്ചൂരി തന്നെ.
ഇപ്പോൾ വിഎസ് ചികിത്സയിലാണ്. സഹയാത്രികനായ യെച്ചൂരി മരിച്ച വിവരം വിഎസ് ഒരു പക്ഷേ അറിയാൻ വഴിയില്ല.