എസ്പി സുജിത് ദാസിനെതിരേ വിജിലൻസ് അന്വേഷണം
Friday, September 13, 2024 2:27 AM IST
തിരുവനന്തപുരം: എസ്പിയുടെ ക്വാർട്ടേഴ്സിലെ മരംമുറി, സ്വർണം തട്ടിയെടുക്കൽ തുടങ്ങിയ ആരോപണങ്ങളെത്തുടർന്ന് സസ്പെൻഷനിലായ എസ്പി സുജിത് ദാസിനെതിരേ വിജിലൻസ് അന്വേഷണം തുടങ്ങി. വിജിലൻസ് തിരുവനന്തപുരം ഒന്നാം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്പി കെ.എൽ. ജോണ്കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയും വിജിലൻസ് അന്വേഷണം വരുന്നു. വരവിൽ കവിഞ്ഞ സ്വത്തുസന്പാദനവും ബന്ധുക്കളുടെ പേരിൽ അടക്കം സ്വത്തും ആഡംബര വീടിന്റെ നിർമാണവും നടക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു വിജിലൻസ് പരിശോധന. വിജിലൻസ് ഡയറക്ടർ അവധി കഴിഞ്ഞു മടങ്ങിയെത്തിയാലുടൻ പ്രാഥമിക പരിശോധന പ്രഖ്യാപിക്കും.
എസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം പിടികൂടുന്ന കള്ളക്കടത്തു സ്വർണം ഉരുക്കിമാറ്റിയെന്നും സ്വർണക്കേസുകളിലെ പ്രതികളിൽനിന്നു പണം വാങ്ങിയെന്നതും അടക്കം ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്.
മലപ്പുറം എസ്പിയായിരിക്കേ, ഓഫീസ് വളപ്പിലെ മരങ്ങൾ മുറിച്ചു കടത്തുകയും ഫർണിച്ചറുണ്ടാക്കി പുറത്ത് നൽകുകയും ചെയ്തതിനു സുജിത്തിനെതിരേ ഡിഐജി അജീതാ ബീഗത്തിന്റെ അന്വേഷണം നടന്നിരുന്നു. ഇതിൽ ഗുരുതര ചട്ടലംഘനം നടത്തിയതായാണു കണ്ടെത്തൽ.
മരംമുറിയെക്കുറിച്ച് പി.വി. അൻവർ നൽകിയ പരാതി പിൻവലിച്ചാൽ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ എംഎൽഎയ്ക്കു വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോണ് സംഭാഷണം പുറത്തുവന്നത് സേനയ്ക്കു നാണക്കേടായിരുന്നു.
എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള അനധികൃത സ്വത്തുസന്പാദനം പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തുനിന്നു സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതികളിലാണു തുടർനടപടി.
അനധികൃത സ്വത്തുസന്പാദനം, ബന്ധുക്കളുടെ പേരിൽ അടക്കം ഭൂമിയും സ്വത്തും വാങ്ങിക്കൂട്ടൽ, തിരുവനന്തപുരം നഗരഹൃദയത്തിൽ കവടിയാർ കൊട്ടാരത്തിന്റെ ഭൂമി വാങ്ങൽ ആഡംബരവീടു നിർമാണം അടക്കമുള്ള അഞ്ചു വിഷയങ്ങൾ അന്വേഷിക്കണമെന്നു നിർദേശിച്ചാണ് പരാതി ലഭിച്ചത്.
ഇക്കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നു നിർദേശിച്ചു സംസ്ഥാന പോലീസ് മേധാവി സർക്കാരിനു ശിപാർശ നൽകി. സർക്കാർ ശിപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് വിജിലൻസ് ഡയറക്ടർക്ക് ഫയൽ കൈമാറി.
സ്വകാര്യ ആവശ്യത്തിനായി അവധിയിലുള്ള വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത മടങ്ങിയെത്തിയാലുടൻ ഫയലിൽ തീരുമാനമെടുക്കും. ഇത്തരം പരാതി ലഭിച്ചാൽ പ്രാഥമിക പരിശോധന നടത്തുന്നതാണ് വിജിലൻസ് ചട്ടം. ഇതിൽ ഗുരുതര ക്രമക്കേടു കണ്ടെത്തിയാൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദ അന്വേഷണം നടത്തുകയുള്ളൂ.