ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെ ചോദ്യംചെയ്തു
Friday, September 13, 2024 1:23 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ ചോദ്യം ചെയ്തു.
ഇന്നലെ കൊച്ചി മറൈന്‍ഡ്രൈവിലെ തീരദേശ ഐജി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണു ചോദ്യം ചെയ്തത്.
മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ രഞ്ജിത്തിനെ വിട്ടയച്ചു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ രഞ്ജിത്ത് നിഷേധിച്ചു. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനു പുറമെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലും പ്രതിയാണു രഞ്ജിത്ത്.
രാവിലെ 11.10 ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിനു ഹാജരായത്. അന്വേഷണസംഘം വിളിച്ചിട്ടാണു വന്നതെന്നും അവരെ കണ്ടിട്ടു വരാമെന്നും പ്രതികരിച്ച രഞ്ജിത്ത് ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരും ചോദ്യം ചെയ്യല്‍ നടപടികളിലുണ്ടായിരുന്നു.
ബംഗാളി നടി ശ്രീലേഖ മിത്രയാണു രഞ്ജിത്തിനെതിരേ പീഡനപരാതി നല്‍കിയത്. 2009ല്‍ ‘പാലേരി മാണിക്യം’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയശേഷം മോശമായി പെരുമാറിയെന്നായിരുന്നു കേസ്. ദുരനുഭവം കഥാകൃത്ത് ജോഷി ജോസഫിനോട് പങ്കുവച്ചെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ദുരനുഭവം മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നുപറഞ്ഞ നടി ഇക്കാര്യങ്ങള്‍ വിവരിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദറിന് ഇ-മെയിലിലൂടെ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ നോര്‍ത്ത് പോലീസ് കേസെടുക്കുകയും തുടരന്വേഷണം പ്രത്യേകസംഘത്തിന് കൈമാറുകയുമായിരുന്നു.