എഡിജിപിയെ കൈവിടാതെ മുഖ്യമന്ത്രി
Thursday, September 12, 2024 4:18 AM IST
തിരുവനന്തപുരം: ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത്കുമാറിനെ ഇടതുമുന്നണി യോഗത്തിലും കൈവിടാതെ സംരക്ഷിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.
ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ രഹസ്യകൂടിക്കാഴ്ച രാഷ്്ട്രീയ വിവാദമായി ഉയരുന്പോഴും ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിന്റെ അജണ്ടയിൽ പോലും ഈ വിഷയം ഇടംപിടിച്ചില്ല.
ചില നേതാക്കൾ ഇക്കാര്യം യോഗത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അജണ്ടയിൽ ഉൾപ്പെടാത്ത വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്നും പിന്നീടാകാമെന്നുമായിരുന്നു പുതിയ ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണന്റെ മറുപടി. പിന്നാലെ ആവശ്യമെങ്കിൽ മുഖ്യമന്ത്രി തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സൂചിപ്പിക്കുമെന്നും കണ്‍വീനർ വ്യക്തമാക്കി.
വയനാട്, പാലക്കാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി യോഗം ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപിയും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ചു മറുപടി പറഞ്ഞു.
പി.വി. അൻവർ എംഎൽഎയുടെ പരാതിയിൽ എഡിജിപിക്കെതിരേ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.
അൻവർ എഡിജിപിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ എല്ലാംതന്നെ അന്വേഷിക്കും. ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ രഹസ്യ കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താമെന്നു പറഞ്ഞ മുഖ്യമന്ത്രി റിപ്പോർട്ടു വരുന്നതുവരെ കാത്തിരിക്കണമെന്നും അതിനുശേഷം എന്തു നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നും യോഗത്തിൽ വ്യക്തമാക്കി.
എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആർജെഡി നേതാവ് വർഗീസ് ജോർജും എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റിനിർത്തുന്നതാണു നല്ലതെന്നു വാദിച്ചെങ്കിലും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല.
ആരോപണത്തിന്റെ പേരിൽ മാത്രം ഒരു ഉയർന്ന ഉദ്യോഗസ്ഥനെ ചുമതലയിൽനിന്നു മാറ്റിനിർത്താനാകില്ലെന്നും അങ്ങനെയുണ്ടായാൽ അതൊരു അനാവശ്യ കീഴ്വഴക്കമാകുമെന്നും പിണറായി വിജയൻ മറുപടി നൽകി.
ചർച്ചയ്ക്കു മറ്റു പ്രധാന അജണ്ടകൾ ഉണ്ടെന്നും ഇക്കാര്യങ്ങളിൽ കൂടുതൽ പരിശോധന പിന്നീടാകാമെന്നും പറഞ്ഞു കണ്‍വീനർ വിഷയം വേറൊരുവഴിക്കു കൊണ്ടുപോയി. ഇതോടെ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ വഴിക്കുനീങ്ങി.
ഇന്നലെ യോഗത്തിനു മുന്‍പ് അജണ്ട നിശ്ചയിക്കുന്നതിനായി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും കണ്ടു. എഡിജിപി-ആർഎസ്എസ് വിവാദം ഇപ്പോൾ ധൃതിപിടിച്ചു ചർച്ച ചെയ്യണമോയെന്ന് ഇരുവരോടും രാമകൃഷ്ണൻ ചോദിച്ചു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ചർച്ച രാഷ്്ട്രീയമായി എതിരാകുമെന്ന് ഗോവിന്ദൻ പറഞ്ഞു. ഇതേ നിലപാടു ബിനോയ് വിശ്വവും സ്വീകരിച്ചു. ഇതിനുശേഷമാണ് അജണ്ടയിൽനിന്നു പോലും എഡിജിപി വിവാദം ഒഴിവായത്.
ചുരുക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിച്ചതുപോലെതന്നെ കാര്യങ്ങൾ ഇടതുമുന്നണിയിലും നടപ്പിലായി.