മന്ത്രിസഭായോഗത്തിൽ മിണ്ടാതെ സിപിഐ
Thursday, September 12, 2024 4:18 AM IST
തിരുവനന്തപുരം: ആർഎസ്എസ് ദേശീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ തൃശൂരിലും തിരുവനന്തപുരത്തും ചർച്ച നടത്തിയെന്ന ഗുരുതരമായ ആരോപണം വിവാദമായി സംസ്ഥാനമൊട്ടാകെ കത്തിപ്പടർന്നിട്ടും മന്ത്രിസഭയിൽ മിണ്ടാതെ സിപിഐയുടെയും മറ്റു ഘടകകക്ഷികളുടെയും മന്ത്രിമാർ.
എഡിജിപിക്കെതിരേ ഗുരുതരമായ ആരോപണം ഉയർന്ന ശേഷം തുടർച്ചയായ രണ്ടാമത്തെ മന്ത്രിസഭയിലും ഇതുസംബന്ധിച്ചു കാര്യമായ ചർച്ചയുണ്ടായില്ല.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി ചർച്ച നടത്തിയതിൽ വിമർശനവുമായി സിപിഐ ദേശീയ- സംസ്ഥാന നേതാക്കൾ രംഗത്തു വന്നെങ്കിലും ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അടക്കം തീരുമാനിക്കേണ്ട മന്ത്രിസഭയിൽ ഇതു സജീവമായ ചർച്ചയ്ക്ക് എത്തുന്നില്ല.
കഴിഞ്ഞ കുറേ നാളായി ഐഎഎസുകാരുടെ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളും മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയാണു തീരുമാനിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി സ്വന്തമായി ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരേ അന്നത്തെ സിപിഐ മന്ത്രിമാർ രംഗത്തു വന്നിരുന്നു. സർക്കാരിനുണ്ടാകുന്ന തെറ്റുകൾ തിരുത്താൻ മന്ത്രിസഭയിൽ അടക്കം അവരുടെ അനിഷ്ടം പ്രകടമാക്കിയിരുന്നു.
ഭൂമി ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാർ അന്നത്തെ കക്ഷി നേതാവായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസിൽ സമാന്തര മന്ത്രിസഭായോഗം ചേർന്നു മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഞെട്ടിച്ചിരുന്നു. എന്നാൽ, ഇപ്പോൾ, സിപിഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാർ വിമർശനങ്ങൾ ഉന്നയിക്കാൻ തയാറാകുന്നില്ലെന്ന വിമർശനമാണ് ഉയർത്തുന്നത്.