ക്വാറികൾക്ക് ഇളവു നൽകും
Thursday, September 12, 2024 4:18 AM IST
തിരുവനന്തപുരം: ദേശീയപാത വിഭാഗം സംസ്ഥാനത്തു നടപ്പാക്കുന്ന വികസന പ്രവൃത്തികളുടെ ഭാഗമായി, 5000 കോടി രൂപയ്ക്കു മുകളിൽ ചെലവു വരുന്ന പദ്ധതികൾ നടപ്പാക്കുന്നതിന് നോമിനേഷൻ അടിസ്ഥാനത്തിൽ, ക്വാറികൾ നടത്തുന്നതിനുള്ള അനുമതിക്കായി ഇളവ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഇത്തരത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് നിലവിലുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തി ലേലം ഒഴിവാക്കി, നിരാക്ഷേപ സാക്ഷ്യപത്രം നൽകും.
പാട്ടക്കാലയളവ് കരാർ കാലയളവോ മൂന്നു വർഷമോ ഏതാണോ കുറവ് അതുവരെ ആയിരിക്കും.
ഖനനം ചെയ്യുന്ന പാറ അനുമതി നൽകിയിട്ടുള്ള എൻഎച്ച്എഐ റോഡ് നിർമാണവും വികസനവും പദ്ധതികളുടെ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന നിബന്ധനയും ഉൾപ്പെടുത്തും.